മലയാള സിനിമയില്‍ മുപ്പത് വര്‍ഷത്തോളമായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ സജീവമാണ് നടന്‍ ജയശങ്കര്‍ കരിമുട്ടം. ഇപ്പോഴിതാ, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന വിജയചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണ് താരം. ചിത്രത്തില്‍ മമിത ബൈജുവിന്റെ കഥാപാത്രമായ ആഷ്ലിയുടെ അച്ഛനായാണ് ജയശങ്കര്‍ എത്തിയത്.
സിനിമയിലെ നീണ്ട യാത്രയില്‍ ഒരുപാട് കളിയാക്കലുകളും പഴികളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ജയശങ്കറിന്. എന്നാല്‍, ‘ആമേന്‍’ എന്ന ചിത്രം സംഭവിച്ചതോടെ കാര്യങ്ങള്‍ മാറി. തന്നെ വിമര്‍ശിച്ചവരില്‍ ചിലര്‍ പിന്നീട് സിനിമയിലേക്കുള്ള തന്റെ വരവിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം പറയുന്നു. ആ വിമര്‍ശനങ്ങള്‍ തന്നിലെ സിനിമയോടുള്ള അഭിനിവേശത്തിന്റെ തീ കെടുത്താതെ നിലനിര്‍ത്തിയെന്നും ജയശങ്കര്‍ പറയുന്നു.
‘ആമേന്‍ സംഭവിക്കുന്നതുവരെ ധാരാളം പഴികളും കളിയാക്കലുകളും കേട്ടിട്ടുണ്ട്. ”ഇവന്‍ എന്തിനാ ഇങ്ങനെ പോകുന്നത്” എന്നൊക്കെ ചോദിക്കുന്നവരുമുണ്ടായിരുന്നു. ആമേന്‍ സംഭവിച്ചതോടെ നേരെ ഒറ്റ ഉള്‍ട്ടയടിയാണ്. പിന്നെ, ”ഞങ്ങളാണ് പുള്ളിയെ തള്ളി സിനിമയിലേക്ക് വിട്ടത്” എന്ന് ചിലര്‍ പറയുന്ന അവസ്ഥയായി. അങ്ങനെ ഒരു മാറ്റമുണ്ടായി.
പിന്നീട് വന്ന സിനിമകളെല്ലാം അത്തരത്തില്‍ ഭാഗ്യമായി. കുറേ സ്ട്രഗിള്‍ ചെയ്തെങ്കിലും എണ്ണം പറഞ്ഞ സിനിമകള്‍ പിന്നാലെ വരാന്‍ തുടങ്ങി,’ ജയശങ്കര്‍ പറയുന്നു.
തുടക്കകാലത്ത് കേട്ട വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സിനിമയോടുള്ള തന്റെ അഭിനിവേശം നിലനിര്‍ത്താന്‍ സഹായിച്ചതെന്നും ജയശങ്കര്‍ പറയുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും സിനിമയില്‍ തുടരാന്‍ കഴിഞ്ഞത് ആ ഇഷ്ടം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
‘എന്നിലെ ഫയര്‍ ഈ രീതിയില്‍ നിലനിര്‍ത്തിയത് അവരാണെന്ന് പറയാം. കാരണം, നമുക്ക് അങ്ങനെ ഇതൊക്കെ കേട്ടിട്ടും നമ്മള്‍ പോകില്ലേ, അപ്പോള്‍ അതാണ് നമ്മളിലുള്ള ഒരു ഫയര്‍. ചിലപ്പോള്‍ അത്രയും പാഷന്‍ ഇല്ലെങ്കില്‍ നമ്മുടെ ആ ഫയര്‍ കെട്ടുപോയേനെ,’ ജയശങ്കര്‍ പറയുന്നു.
സിനിമയില്‍ തുടരാന്‍ തന്നെ പ്രേരിപ്പിച്ചത് മറ്റുള്ളവരുടെ അഭിപ്രായങ്ങളേക്കാള്‍ സിനിമയോടുള്ള സ്വന്തം ഇഷ്ടമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി. സംവിധായകരുടെ അടുത്തുപോയി അവസരങ്ങള്‍ തേടിയപ്പോഴും താന്‍ ചെയ്യുന്നത് തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
‘ഞാന്‍ ഒരു ഡയറക്ടറുടെ അടുത്ത് പോയപ്പോഴും ”നീ ചെയ്യുന്നത് ശരിയല്ല” എന്ന് ആരും പറഞ്ഞിട്ടില്ല. പിന്നെ, എല്ലാവരേയും കൊണ്ട് പറ്റുന്ന പണിയാണ് ഇത് എന്നും ഞാന്‍ വിചാരിക്കുന്നില്ല. പിന്നെ അതിലൊക്കെയുപരി എനിക്ക് ഇഷ്ടമാണ് സിനിമ,’ ജയശങ്കര്‍ പറയുന്നു.
Content Highlight: After Amen Movie Those Who Criticised Me Took the Credit: Jayashankar Karimuttam