കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ എം.പി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം. അദ്ദേഹത്തിന്റെ തലയ്ക്കടിക്കുന്നതായുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഹുഗ്ലിയിലെ ചണ്ഡിതലയില്‍ വെച്ചാണ് സംഭവം. തലയ്ക്ക് കല്ല് വെച്ച് എറിയുകയും ഉടന്‍ അദ്ദേഹം തലയില്‍ കൈവെച്ച് താഴെ വീഴുന്നതായും ദൃശ്യങ്ങളില്‍ കാണാം. തനിക്ക് നേരെയുണ്ടായത് ജനരോഷമാണെന്ന വാദം തള്ളിയ അദ്ദേഹം ഇത് ആസൂത്രിതമായ ആക്രമണമാണെന്ന് ആരോപിച്ചു.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിനായി പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് നേരെയുള്ള ആക്രമണം. കല്യാണ്‍ ബനാര്‍ജിക്കും അനുയായികള്‍ക്കും നേരെ ജനക്കൂട്ടം കരിങ്കൊടി വീശുകയും കള്ളന്‍ എന്ന് ആക്രോശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തലയ്ക്ക് എറിയുകയും അദ്ദേഹം താഴെ വീഴുകയും ചെയ്തത്.
തനിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും തന്റെ തലയ്ക്ക് നേരെ ക്രിക്കറ്റ് പന്തോ കല്ലോ എറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ‘കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ടി.എം.സി നേതാക്കള്‍ക്കെതിരായ ജനരോഷമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് ബി.ജെ.പി വാദം. ദക്ഷിണ പര്‍ഗാനാസിലെ സോനാര്‍പൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമണങ്ങളില്‍ ഇരയായ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനിടെയാണ് അഭിഷേക് ബാനര്‍ജിക്കും സമാനമായ രീതിയില്‍ ആക്രമണം നേരിട്ടത്. ഇത് ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
Content Highlight: After Abhishek, Kalyan Banerjee also attacked by mob; TMC says it is a planned move by BJP