| Wednesday, 19th March 2025, 6:54 am

ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമി തൊട്ട് സുനിത വില്യംസും സംഘവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്‌ളോറിഡ: ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമി തൊട്ട് സുനിത വില്യംസും സംഘവും. ഇന്ത്യന്‍ സമയം ഇന്ന് 3:27 നാണ് ക്രൂ 9 സംഘത്തിലെ മറ്റ് നാല് അംഗങ്ങള്‍  സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറിനൊപ്പം മേക്‌സിക്കന്‍ ഉള്‍ക്കടലിലെ റിക്കവറി കപ്പലില്‍ ലാന്‍ഡ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ക്രൂ 9 ഡ്രാഗണ്‍ പേടകം, കപ്പലില്‍ ലാന്‍ഡ് ചെയ്യിപ്പിച്ചാണ് സംഘത്തെ പുറത്തിറക്കിയത്.

കപ്പലില്‍ ലാന്‍ഡ് ചെയ്ത് സുനിത ക്യാമറയില്‍ നോക്കി കൈ വീശുന്ന ദൃശ്യങ്ങള്‍ നാസ പുറത്ത് വിട്ടിട്ടുണ്ട്. പേടകത്തില്‍ നിന്ന് പുറത്ത് വന്ന യാത്രികരെ ഒരു നിമിഷം നിവര്‍ന്നു നില്‍ക്കാന്‍ അനുവദിച്ച ശേഷം സ്ട്രെക്ച്ചറില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുകയായിരുന്നു.

സുനിതയ്ക്കും ബുച്ച് വില്‍മോറിനും പുറമെ നിക് ഹേഗ്, റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ മറ്റ് യാത്രക്കാര്‍. സപേസ് എക്‌സിന്റെ തന്നെ എം.വി മേഗന്‍ എന്ന കപ്പലാണ് പേടകത്തെ കടലില്‍ നിന്ന് പുറത്ത് എത്തിക്കാന്‍ ഉപയോഗിച്ചത്.

ഇന്നലെ (ചൊവ്വാഴ്ച) ഇന്ത്യന്‍ സമയം രാവിലെ 10:30യോട് കൂടിയാണ് ഇവര്‍ സഞ്ചരിച്ച ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്.

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ബോയിങ്ങിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഒമ്പത് മാസത്തിലധികമായി അവിടെ തുടരുകയായിരുന്നു. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നം കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ മടക്ക യാത്ര അനിശ്ചിതത്വത്തിലായി.

പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.

ഒടുവില്‍ ഐ.എസ്.സിയിലേക്ക് നാസയും പങ്കാളികളും അടുത്ത ഗവേഷണ സംഘമായ ക്രൂ 10 ദൗത്യ സംഘത്തെ അയച്ചാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നത്.

നാസയിലെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാക്‌സ ബഹിരാകാശയാത്രിക തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നീ നാല് ബഹിരാകാശയാത്രികരാണ് ക്രൂ-10 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്.

Content Highlight: After a nine-month wait, Sunita Williams and her team finally touched down

We use cookies to give you the best possible experience. Learn more