പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20യില്‍ വിജയിച്ച് ആതിഥേയര്‍.സെന്‍ട്രല്‍ ബൊവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് വിന്‍ഡീസ് നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും വിന്‍ഡീസിന് സാധിച്ചു.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് അവസാന പന്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷം ഇതാദ്യമായാണ് വിന്‍ഡീസ് ഒരു ടി-20യില്‍ വിജയിക്കുന്നത്.
എട്ട് വര്‍ഷത്തിന് ശേഷം ഇതാദ്യമായി പാകിസ്ഥാനെതിരെ ടി-20 മത്സരത്തില്‍ വിജയിക്കുന്നു എന്ന പ്രത്യേകതയും ഈ മാച്ചിനുണ്ട്. 2017ലെ പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം മത്സരത്തിലാണ് വിന്‍ഡീസ് ഇതിന് മുമ്പ് അവസാനമായി വിജയിച്ചത്. പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് കരീബിയന്‍സ് അന്ന് നേടിയത്.
ശേഷം 2018, 2021, 2021-22ലായി മൂന്ന് പരമ്പരകളിലെ പത്ത് മത്സരത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നെങ്കിലും ഒന്നില്‍പ്പോലും ജയിക്കാന്‍ വിന്‍ഡീസിന് സാധിച്ചിരുന്നില്ല. ഏഴ് മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ മൂന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതും പാകിസ്ഥാന്‍ തന്നെയായിരുന്നു.
ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി. 23 പന്തില്‍ നിന്നും 40 റണ്‍സ് നേടിയ ഹസന്‍ നവാസും 33 പന്തില്‍ 38 റണ്‍സ് നേടിയ സല്‍മാന്‍ അലി ആഘയുമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ഇവര്‍ക്ക് പുറമെ 19 പന്തില്‍ 20 റണ്‍സ് നേടിയ ഫഖര്‍ സമാനൊഴികെ മറ്റെല്ലാവരും ഒറ്റയക്കത്തിനാണ് മടങ്ങിയത്.
വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഗുഡാകേഷ് മോട്ടി രണ്ട് വിക്കറ്റെടുത്തപ്പോള്‍ അകീല്‍ ഹൊസൈന്‍, ഷമര്‍ ജോസഫ്. റോസ്റ്റണ്‍ ചെയ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനും കാര്യങ്ങള്‍ പന്തിയായിരുന്നില്ല. ഇന്നിങ്‌സിലെ ഏഴാം പന്ത് മുതല്‍ വിക്കറ്റ് വീണുതുടങ്ങിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പാകിസ്ഥാന്‍ മത്സരം കൈവിടാതെ കാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 28 റണ്‍സ് നേടിയ ഗുഡാകേഷ് മോട്ടി, 21 റണ്‍സടിച്ച ക്യാപ്റ്റന്‍ ഷായ് ഹോപ്പ് എന്നിവരാണ് ചെറുത്തുനിന്നത്.
19 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് റണ്‍സാണ് വിന്‍ഡീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 20ാം ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ വഴങ്ങിയ ഷഹീന്‍ ഷാ അഫ്രിദി രണ്ടാം പന്തില്‍ റൊമൊരിയോ ഷെപ്പേര്‍ഡിനെ പുറത്താക്കി.
അടുത്ത മൂന്ന് പന്തിലും മൂന്ന് സിംഗിളുകള്‍ വീതം പിറന്നു. അവസാന പന്ത് വൈഡ് ആയതോടെ ഒരു പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയിലേക്ക് വിന്‍ഡീസിന്റെ വിജയലക്ഷ്യം മാറി. എന്നാല്‍ അവസാന പന്തില്‍ ഫോറടിച്ച് ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് രണ്ട് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു.
നാളെയാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. ഇതേ വേദിയില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
Content Highlight: After 8 years, West Indies defeated Pakistan in a T20I match