| Sunday, 15th February 2026, 2:37 pm

ഇങ്ങനെയൊരു ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്നത് 19 വര്‍ഷം മുമ്പ്! സൂപ്പര്‍ 8ന് ഇന്ത്യയിറങ്ങുന്നു

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ഇനി കേവലം മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. നേരത്തെ ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങില്ലെന്ന നിലപാടില്‍ നിന്നും പാകിസ്ഥാന്‍ യൂ ടേണടിച്ചതോടെയാണ് ഫെബ്രുവരി 15ന് ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങിയത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി.

ടി-20 ഫോര്‍മാറ്റില്‍ ഇരുവരും തമ്മിലുള്ള 17ാം മത്സരത്തിനും ടി-20 ലോകകപ്പിലെ ഒമ്പതാം മത്സരത്തിനുമാണ് കൊളംബോ സാക്ഷ്യം വഹിക്കുന്നത്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമില്ലാത്ത ഇന്ത്യ – പാക് പോരാട്ടമെന്നതാണ് ആരാധരെ തെല്ലെങ്കിലും നിരാശരാക്കുന്നത്.

വിരാടും രോഹിത്തും 2024 ലോകകപ്പുമായി. Photo: ICC

ടി-20 ഫോര്‍മാറ്റില്‍ പാകിസ്ഥാനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരമായ വിരാടും കാലങ്ങള്‍ക്ക് ശേഷം ഇന്ത്യയെ ടി-20 കിരീടം ചൂടിച്ച രോഹിത്തുമില്ലാതെ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് അതൊരു പുത്തന്‍ അനുഭവവുമായിരിക്കും. പാകിസ്ഥാനെതിരായ ഇന്ത്യയുടെ മിക്ക ചരിത്ര വിജയങ്ങളിലും വിരാടിന്റെയും രോഹിത്തിന്റെയും പേരുകള്‍ ഉള്‍ച്ചേര്‍ന്നിരുന്നു.

നീണ്ട 19 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിരാടോ രോഹിത്തോ ഇല്ലാതെ ഇന്ത്യ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്നത്. 2007 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലാണ് ഇത്തരത്തില്‍ ഇന്ത്യ അവസാനമായി കളത്തിലിറങ്ങിയത്.

2007 ലോകകപ്പ് സ്‌ക്വാഡില്‍ വിരാട് കോഹ്‌ലി ഉണ്ടായിരുന്നില്ല. അന്നത്തെ യുവതാരമായിരുന്ന രോഹിത് ശര്‍മയ്ക്കാകട്ടെ ഡര്‍ബനില്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അവസരം ലഭിച്ചിരുന്നുമില്ല.

2007 ലോകകപ്പില്‍. Photo: ICC

ഇരു ടീമുകളും 141 റണ്‍സ് വീതം നേടിയ മത്സരത്തില്‍ ബോള്‍ ഔട്ടിലൂടെയായിരുന്നു ഇന്ത്യയുടെ വിജയം. പാകിസ്ഥാന്റെ സൂപ്പര്‍ താരങ്ങളായ യാസിര്‍ അറാഫത്തിനും ഉമര്‍ ഗുല്ലിനും ഷാഹിദ് അഫ്രിദിക്കും വിക്കറ്റില്‍ പന്ത് കൊള്ളിക്കാന്‍ സാധിക്കാതെ പോയപ്പോള്‍ വിരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍ സിങ്, റോബിന്‍ ഉത്തപ്പ എന്നിവരിലൂടെ ഇന്ത്യ വിജയം പിടിച്ചടക്കുകയായിരുന്നു.

ശേഷം കലാശപ്പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിട്ടപ്പോള്‍ രോഹിത് ശര്‍മ പ്ലെയിങ് ഇലവന്റെ ഭാഗമായി. ആറാം നമ്പറില്‍ ക്രീസിലെത്തി 16 പന്തില്‍ പുറത്താകാതെ 30 റണ്‍സടിച്ച രോഹിത് ഇന്ത്യയുടെ കിരീടം നേട്ടത്തിലും നിര്‍ണായകമായി.

2009, 2010 ലോകകപ്പുകളിലും രോഹിത് ശര്‍മ പാകിസ്ഥാനെതിരെ കളത്തിലിറങ്ങി. 2012 മുതല്‍ രോഹിത്തിനൊപ്പം വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യങ്ങളായി. അന്ന് തൊട്ട് 2024ല്‍ ന്യൂയോര്‍ക്കില്‍ ജസ്പ്രീത് ബുംറയുടെ കരുത്തില്‍ വിജയിക്കുന്നതുവരെയുള്ള എല്ലാ മത്സരത്തിലും ഇരുവരും ഇന്ത്യയ്‌ക്കൊപ്പമുണ്ടായിരുന്നു.

അതേസമയം, സൂപ്പര്‍ 8 ലക്ഷ്യമിട്ടാണ് ഇന്ത്യയും പാകിസ്ഥാനും കൊളംബോയിലെത്തുന്നത്. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇരുവരും വിജയിച്ചിരുന്നു. കൊളംബോയില്‍ വിജയിക്കുന്ന ടീമിന് ആറ് പോയിന്റോടെ ഗ്രൂപ്പ് എ-യില്‍ നിന്നും സൂപ്പര്‍ 8ന് യോഗ്യത നേടുന്ന ആദ്യ ടീമാകാനും സാധിക്കും.

മത്സരത്തില്‍ മഴഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഒരുപക്ഷേ മത്സരം ഉപേക്ഷിക്കുകയും ഇരുവരും പോയിന്റ് പങ്കുവെക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഒന്നിച്ച് സൂപ്പര്‍ 8 പ്രവേശനം സാധ്യമാവുകയും ചെയ്യും.

Content Highlight: After 19 years India to play against Pakistan in T20 World Cup without Rohit Sharma or Virat Kohli

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more