| Thursday, 28th May 2015, 5:57 pm

ജമ്മു കാശ്മീരില്‍ സൈന്യം പ്രവര്‍ത്തിക്കണമെങ്കില്‍ അവിടെ അഫ്‌സ്പ നിര്‍ബന്ധം: മനോഹര്‍ പരീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഭ്യന്തര സുരക്ഷയ്ക്കായി കാശ്മീരിലോ മറ്റ് ഏത് സംസ്ഥാനങ്ങളിലോ സൈന്യത്തെ വിന്യസിക്കണമെങ്കില്‍ അവിടെ അഫ്‌സ്പ നിര്‍ബന്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി  മനോഹര്‍ പരീക്കര്‍. “അഫ്‌സ്പയെകുറിച്ച് തീരുമാനമെടുക്കുന്നത് എന്റെ മന്ത്രാലയമല്ല. കാര്യം വളരെ ലളിതമാണ് ഒരു പ്രദേശത്ത് ആ നിയമം നിലവിലുണ്ടെങ്കില്‍ അവിടെ സൈന്യത്തിന് പ്രവര്‍ത്തക്കാന്‍ കഴിയും. അതില്ലെങ്കില്‍ സൈന്യത്തിന് അവിടെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.”  പരീക്കര്‍ പറഞ്ഞു.

ജമ്മു കാശ്മീരില്‍ നിന്ന്  വിവാദ നിയമമായ അഫ്‌സ്പ ഓഴിവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാല്‍ അഫ്‌സ്പ നിയമം നിര്‍ത്തലാക്കേണ്ടത് ആഭ്യന്തരമന്ത്രാലയമാണെന്നും ആഭ്യന്തര സുരക്ഷയ്ക്ക് സൈന്യം ആവശ്യമാണോ വേണ്ടയോ എന്ന്  തീരുമാനിക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര സുരക്ഷ സൈന്യത്തിന്റെ ഉത്തരവാദിത്വമല്ല. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍. ആഭ്യന്തര സുരക്ഷ പാലിക്കേണ്ടത് എന്റെ ജോലിയല്ല. എന്നാല്‍ ആഭ്യന്തര സുരക്ഷയ്ക്കായുള്ള ജോലിയേല്‍പ്പിച്ചാല്‍ അവിടെ അനുയോജ്യമായ അധികാരങ്ങള്‍ ആവശ്യമാണ്. അത്തരം അധികാരങ്ങള്‍ എനിക്ക് ലഭിക്കുന്നത് അഫ്‌സ്പയിലൂടെയാണ്. ഒരു അഭിമുഖത്തില്‍ പരീക്കര്‍ പറയുന്നു.ചില മേഖലകളില്‍ അഫ്‌സ്പ നിര്‍ത്തലാക്കിയിട്ടുണ്ടെന്നും അവിടെ സൈന്യം പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

18 വര്‍ഷമായി സംസ്ഥാനത്ത് നില നിന്നിരുന്ന അഫ്‌സ്പ നിയമം ത്രിപുര സര്‍ക്കാര്‍ ബുധനാഴ്ച്ച എടുത്തുകളഞ്ഞിരുന്നു.സൈനികര്‍ക്ക് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും നിയമ സംരക്ഷണവും നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമത്തിലെ സെക്ഷന്‍ 4,7 എന്നിവയില്‍ സാധ്യമായ ഭേദഗതികള്‍ വരുത്തണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more