| Saturday, 9th August 2025, 12:52 pm

ട്രെന്‍ഡായിരുന്നെങ്കിലും ആ പാട്ടിന് അന്ന് ഒരുപാട് നെഗറ്റീവ് കേട്ടിരുന്നു: അഫ്‌സല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഫ്‌സലിന്റെ പാട്ടുകള്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് 90’സ് കിഡ്‌സിന്. ഒരു കാലത്ത് മലയാളത്തില്‍ വന്ന ഹിറ്റ് പാട്ടുകളില്‍ ഭൂരിഭാഗത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംഗീത ജീവിതത്തിലുണ്ടായ  മറക്കാനാകാത്ത അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.

‘ഇളയരാജ സാറിന്റെ പാട്ടുകള്‍ പാടാന്‍ പറ്റിയതാണ് ആ അനുഭവം. എന്റെ ചെറുപ്പത്തില്‍ ഷക്കീര്‍ ഇക്കയ്ക്ക് ഒരു കാസെറ്റ് ഷോപ്പുണ്ടായിരുന്നു. തമിഴ് സിനിമകളുടെ ഓഡിയോ കാസെറ്റുകളുടെ റാക്കില്‍ ഇളയരാജ സാറിന്റെ പാട്ടുകളായിരുന്നു ഏറ്റവും കൂടുതലുണ്ടായിരുന്നത്. അതാണ് അക്കാലത്ത് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള പാട്ടുകളും.

അങ്ങനെ ദൂരെ നിന്ന് ആരാധിച്ചിരുന്ന ഒരാളുടെ അടുത്തിരുന്ന് അദ്ദേഹം കംപോസ് ചെയ്ത പാട്ടുപാടാന്‍ കഴിഞ്ഞു എന്നത് വലിയ അനുഗ്രഹമാണ്. വിനോദയാത്രയിലെ ‘തെന്നിപ്പായും തെന്നലേ’ എന്ന പാട്ട്. അതുപോലെ ‘ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍’ എന്ന സിനിമയിലും അദ്ദേഹത്തിന് വേണ്ടി പാടാന്‍ കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും ഓര്‍മയും അനുഭവവുമെല്ലാമാണ് അത്,’അഫ്‌സല്‍ പറഞ്ഞു

പുതിയ തലമുറയിലെ ഗായകരും, ഗാനങ്ങളുടെ മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. കാലഘട്ടത്തിന്റെ ആവശ്യമാണ് അത്തരം മാറ്റങ്ങളെന്നാണ് അഫ്‌സല്‍ പറയുന്നത്.

‘2002ല്‍ ദാസ് സാറിന്റെ പാട്ടുകളൊക്കെ ഹിറ്റായി നില്‍ക്കുന്ന കാലത്താണ് ‘രാക്ഷസി’പോലുള്ള പാട്ടുമായി ഞാന്‍ വരുന്നത്. അന്നത് ട്രെന്‍ഡായിരുന്നു. പക്ഷേ, ആളുകള്‍ നെഗറ്റീവ് പറഞ്ഞിട്ടുമുണ്ട്. എന്ത് പാട്ടാണിത് എന്ന് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡെപ്‌സിയും വേടനുമൊക്കെ പാടുന്ന പാട്ടുകളെപ്പറ്റി നെഗറ്റീവായി പറയുന്നവരുണ്ട്.

പക്ഷേ, അടിപൊളിപ്പാട്ടുകാരനായി വന്നതുകൊണ്ട് അതൊക്കെ കാലത്തിന്റെ മാറ്റമായാണ് ഞാന്‍ കാണുന്നത്. അതിന്റെ സംഗീതത്തിന്റെ വശമേ ഞാന്‍ ചിന്തിക്കുന്നുള്ളു. എന്റെ ജോലിയിതാണ്. ഞാന്‍ എന്നോടുതന്നെ മത്സരിക്കുന്നയാളാണ്. അതുകൊണ്ട് ഇങ്ങനെയുള്ള പാട്ടുകളും വരണം. പാട്ടുകാരും വരണം. പുതിയ തലമുറയ്ക്കുവേണ്ടിയുള്ള പാട്ടുകളാണ് അതൊക്കെ,’ അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Afsal talks about his unforgettable experience in music and new singers

We use cookies to give you the best possible experience. Learn more