ഏഷ്യാ കപ്പില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന അഫ്ഗാനിസ്ഥാന്‍ തിരിച്ചടി. സൂപ്പര്‍ പേസര്‍ നവീന്‍ ഉല്‍ ഹഖ് പരിക്ക് കാരണം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ടൂര്‍ണമെന്റിന് മുന്നോടിയായി തോളെല്ലിനേറ്റ പരിക്ക് കാരണമാണ് താരത്തിന് ഏഷ്യാ കപ്പ് നഷ്ടമാവുന്നത്.
ടൂര്‍ണമെന്റില്‍ ഹോങ് കോങ്ങിനെതിരെയുള്ള അഫ്ഗാനിന്റെ ആദ്യ മത്സരത്തില്‍ നവീന്‍ കളിച്ചിരുന്നില്ല. തോളെല്ലിനുള്ള പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാവാത്തതിനാലാണ് ഒന്നാം മത്സരത്തില്‍ താരത്തിന് അവസരം ലഭിക്കാതിരുന്നത്. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ ഫിറ്റ്‌നസ് നേടിയിട്ടില്ലെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ.സി.ബി) സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാന്‍ വേണ്ടി 48 ടി – 20 മത്സരങ്ങളില്‍ കളിക്കളത്തില്‍ ഇറങ്ങിയിട്ടുള്ള താരമാണ് നവീന്‍. ഈ മത്സരങ്ങളില്‍ നിന്ന് താരം 67 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 7.79 എക്കോണമിയും 18.73 ആവറേജും പേസര്‍ക്ക് ഈ ഫോര്‍മാറ്റിലുണ്ട്.
നവീന് പകരക്കാരനായി യുവതാരം അബ്ദുല്ല അഹമ്മദ് സായ്യെ എ.സി.ബി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് 22കാരനായ താരം അഫ്ഗാന്‍ വേണ്ടി അരങ്ങേറ്റം കുറിച്ചത്. പരമ്പരയില്‍ യു.എ.ഇക്കെതിരെയായ മത്സരത്തിലാണ് താരം അഫ്ഗാന്‍ വേണ്ടി തന്റെ ആദ്യ മത്സരം കളിച്ചത്. ആ മത്സരത്തില്‍ താരം ഒരു വിക്കറ്റ് നേടുകയും ചെയ്തിരുന്നു.
അതേസമയം, ടൂര്‍ണമെന്റില്‍ രണ്ടാം മത്സരത്തിനായി അഫ്ഗാനിസ്ഥാന്‍ കളത്തിലിറങ്ങും. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ടീമിന്റെ എതിരാളി. ഒന്നാം മത്സരത്തില്‍ ഹോങ് കോങ്ങിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാന്‍ കടുവകള്‍ക്കെതിരെ ഇന്ന് പോരിന് ഇറങ്ങുക.
ആദ്യം മത്സരത്തില്‍ അഫ്ഗാന്‍ 94 റണ്‍സിന്റെ വിജയമാണ് ഹോങ് കോങ്ങിനെതിരെ സ്വന്തമാക്കിയത്. അസ്മത്തുല്ല ഒമര്‍സായ് യുടെ ഓള്‍റൗണ്ട് മികവിലാണ് മത്സരത്തില്‍ ടീം വിജയികളായത്. ഈ വമ്പന്‍ വിജയം ടീമിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.
എന്നാല്‍, രണ്ട് മത്സരങ്ങള്‍ കളിച്ച ബംഗ്ലാദേശ് ഒരു ജയവുമായാണ് അഫ്ഗാനെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഹോങ് കോങ്ങിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് കടുവകള്‍ പരാജയപ്പെടുകയായിരുന്നു. അതിനാല്‍ തന്നെ പുറത്താവാതിരിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ ടീമിന് വിജയം അനിവാര്യമാണ്.
Content Highlight: Afghanisthan pacer Naveen – Ul – Haq ruled out of Asia Cup