ത്രി രാഷ്ട്ര പരമ്പരയില്‍ യു.എ.ഇക്കെതിരെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് നാല് റണ്‍സിന്റെ വിജയം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് ടീം നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.എ.ഇക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനാണ്. 35 പന്തില്‍ 48 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് 38 പന്തില്‍ 40 റണ്‍സും നേടിയിരുന്നു. മധ്യനിരയില്‍ കരീം ജന്നത്ത് 28 റണ്‍സും ഗുല്‍ബാദിന്‍ നായിബ് 20 റണ്‍സ് നേടി മികവുലര്‍ത്തി.
യു.എ.ഇ.ക്ക് വേണ്ടി ഹൈദര്‍ അലി രണ്ട് വിക്കറ്റുകളില്‍ നേടിയപ്പോള്‍ സിംരഞ്ജീത് സിങ്, മുഹമ്മദ് ഫറൂഖ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.എ.ഇക്ക് വേണ്ടി ക്യാപ്റ്റന്‍ മുഹമ്മദ് വസീം 29 പന്തില്‍ നിന്ന് 44 റണ്‍സ് നേടി മികവുപുലര്‍ത്തി. അവസാന ഘട്ടത്തില്‍ ആസിഫ് ഖാന്‍ 28 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍, ഷറഫുദ്ദീന്‍ അഷ്‌റഫ്, നൂര്‍ അഹമ്മദ്, അബ്ദുല്‍ അഹമ്മദ്‌സായ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അഫ്ഗാനിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച അബ്ദുല്‍ അഹമ്മദ്‌സായ് തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റും രേഖപ്പെടുത്തിയിരിക്കുകയാണ്.
യു.എ.ഇ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെയാണ് അഹമ്മദ് സായ് പുറത്താക്കിയത്. പരമ്പരയിലെ അവസാന മത്സരം നാളെയാണ് (ഞായര്‍). പാകിസ്ഥാനെതിരെയാണ് അഫ്ഗാനിസ്ഥാന്‍ ഏറ്റുമുട്ടാനുള്ളത്.
Content Highlight: Afghanistan Won Against UAE In Tri Series