| Thursday, 19th February 2026, 10:41 pm

രണ്ടാം വിജയത്തോടെ പടിയിറക്കം; ലോകകപ്പില്‍ കാനഡയെ മലര്‍ത്തിയടിച്ച് അഫ്ഗാനിസ്ഥാന്‍

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026ലെ അവസാന മത്സരത്തില്‍ കാനഡയ്‌ക്കെതിരെ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 82 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ കാനഡ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് അടിച്ചെടുത്തത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായാണ് അഫ്ഗാനിസ്ഥാന്‍ പടിയിറങ്ങുന്നത്.

അഫ്ഗാന്‍ സീനിയര്‍ താരം മുഹമ്മദ് നബിയുടെയും സൂപ്പര്‍ ബാറ്റര്‍ ഇബ്രാഹിം സദ്രാന്റെയും പ്രകടനത്തിന്റെ കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.

56 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 95* റണ്‍സാണ് താരം അടിച്ചെടുത്തത്. 169.64 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. അഞ്ച് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടെങ്കിലും അന്താരാഷ്ട്ര ടി-20യില്‍ 16ാം അര്‍ധസെഞ്ച്വറി നേടാന്‍ സദ്രാന് സാധിച്ചു.

മുഹമ്മദ് നബി ബൗളിങ്ങില്‍ നാല് വിക്കറ്റ് നേടിയാണ് തിളങ്ങിയത്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും മുജീബ് ഉര്‍ റഹ്‌മാന്‍, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കാനഡയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ സ്‌കോര്‍ ഉയര്‍ത്തിയത് ഹര്‍ഷ് തക്കെറാണ്. 24 പന്തില്‍ 30 റണ്‍സാണ് താരം നേടിയത്. മധ്യ നിര ബാറ്റര്‍ സാദ് ബിന്‍ സാഫര്‍ 26 പന്തില്‍ 28 റണ്‍സും നേടി. ഓപ്പണര്‍ യുവരാജ് ശര്‍മ 17 റണ്‍സിനാണ് മടങ്ങിയത്. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

മത്സരത്തില്‍ അഫ്ഗാന്‍ താരം സദ്രാന് പുറമെ സെദ്ദിഖുള്ള അടല്‍ 32 പന്തില്‍ 44 റണ്‍സ് നേടി രണ്ടാം ടോപ് സ്‌കോററായി. രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്‌മാനുള്ള ഗുര്‍ബാസ് 20 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പടെ 30 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അവസാന ഘട്ടത്തില്‍ അസ്മത്തുള്ള ഒമര്‍സായി 13 റണ്‍സ് നേടി.

കാനഡയ്ക്ക് വേണ്ടി കൂടുതല്‍വിക്കറ്റ് വീഴ്ത്തിയത് ജസ്‌കരന്ദീപ് സിങ്ങാണ്. 52 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഡിലോണ്‍ ഹെയ്‌ലിങ്ങര്‍ ഒരു വിക്കറ്റും നേടി.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാനഡ അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സാണ് നേടിയത്. ക്യാപ്റ്റനും ഓപ്പണറുമായ ദില്‍പ്രീത് ബജ്‌വ ഏഴ് പന്തില്‍ 13 റണ്‍സ് നേടിയാണ് പുറത്തായത്. റഹ്‌മാനുള്ള ഗുര്‍ബാസാണ് താരത്തെ പുറത്താക്കിയത്. താരത്തിന് ശേഷം ക്രീസിലെത്തിയ നവ്‌നീത് ദലിവാളിനെ അസ്മത്തുള്ള ഒമര്‍സായി പൂജ്യം റണ്‍സിനും പറഞ്ഞയച്ചു.

Content Highlight: Afghanistan Won Against  Canada In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more