| Saturday, 19th September 2026, 7:02 am

വര്‍ഷങ്ങളായി എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബാറ്റര്‍ അദ്ദേഹമാണ്; വെളിപ്പെടുത്തലുമായി റാഷിദ് ഖാന്‍

ശ്രീരാഗ് പാറക്കല്‍

വര്‍ഷങ്ങളായി തനിക്ക് ഏറ്റവും വലിയ വെല്ലവിളി ഉയര്‍ത്തിയ ബാറ്റര്‍ ആരാണെന്ന് വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ബൗളിങ് ഓള്‍ റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ റാഷിദ് ഖാന്‍. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ പേരാണ് റാഷിദ് ഖാന്‍ പറഞ്ഞത്.

മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞാലും വിരാട് കോഹ്‌ലിക്ക് അതൊരു പ്രശ്‌നമല്ലെന്നും മറ്റ് ബാറ്റര്‍മാര്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ എത്താന്‍ ആഗ്രഹിക്കുമ്പോള്‍ വിരാട് തന്നെ ബൗണ്ടറികള്‍ അടിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു റാഷിദ് ഖാന്‍.

‘വര്‍ഷങ്ങളായി എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. എന്റെ ഏറ്റവും മികച്ച ലൈനിലും ലെങ്ത്തിലും ഞാന്‍ പന്തെറിഞ്ഞാലും അദ്ദേഹത്തിന് കുഴപ്പമില്ല. പക്ഷേ, പന്തെറിയുമ്പോള്‍ എനിക്ക് എവിടെയെങ്കിലും പിഴച്ചാല്‍ അദ്ദേഹം എന്നെ നന്നായി തന്നെ ശിക്ഷിക്കും.

മറ്റ് ബാറ്റര്‍മാര്‍ നോണ്‍-ട്രൈക്കറുടെ എന്‍ഡിലേക്ക് എത്താന്‍ ശ്രമിക്കുന്നു, പക്ഷേ അദ്ദേഹം നിങ്ങളെ ബൗണ്ടറിയിലേക്ക് അടിക്കാന്‍ ശ്രമിക്കുന്നു. മത്സരത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവം എനിക്കിഷ്ടമാണ്. പിഴവുകള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ അദ്ദേഹത്തിന് നേരെ പന്തെറിയുന്നത് ഞാന്‍ ആസ്വദിക്കുന്നു,’ റാഷിദ് ഖാന്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ പരിചയസമ്പത്തുള്ള താരമാണ് റാഷിദ് ഖാന്‍. സ്പിന്‍ ബൗളിങ്ങും ബാറ്റിങ്ങും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള താരവുമാണ് അദ്ദേഹം. ഏകദിന ഫോര്‍മാറ്റില്‍ ഇതുവരെ 123 മത്സരങ്ങളിലെ 115 ഇന്നിങ്‌സില്‍ നിന്ന് 226 വിക്കറ്റുകളാണ് റാഷിദ് നേടിയത്. 7/18 എന്നമികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ഏഴ് ഫൈഫറും ആറ് ഫോര്‍ഫറും ഫോര്‍മാറ്റില്‍ താരം നേടി. മാത്രമല്ല 1469 റണ്‍സും ഏകദിനത്തില്‍ റാഷിദ് ഖാനുണ്ട്.

ടി-20യില്‍ 118 മത്സരത്തില്‍ 197 വിക്കറ്റുകളാണ് റാഷിദ് ഖാന്‍ നേടിയത്. 5/3 എന്ന മികച്ച ബൗളിങ് പ്രകടനവും ഒമ്പത് ഫോര്‍ഫറും രണ്ട് ഫൈഫറും താരത്തിനുണ്ട്. 657 റണ്‍സാണ് ഫോര്‍മാറ്റില്‍ റാഷിദ് നേടിയത്.

അതേസമയം അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ 127 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 222 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.

Content Highlight: Afghanistan superstar Rashid Khan reveals the batter who troubled him the most

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more