| Wednesday, 3rd September 2025, 11:47 am

പാകിസ്ഥാന് ചെക്ക് വെച്ച് അഫ്ഗാനിസ്ഥാന്‍; പൊലിഞ്ഞത് തുടര്‍ വിജയമെന്ന മോഹം

സ്പോര്‍ട്സ് ഡെസ്‌ക്

ത്രിരാഷ്ട്ര പരമ്പരയിലെ പാകിസ്ഥാനിന്റെ മുന്നേറ്റങ്ങള്‍ക്ക് ചെക്ക് വെച്ച് അഫ്ഗാനിസ്ഥാന്‍. തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ പാക് സംഘത്തെ അഫ്ഗാന്‍ സംഘം 18 റണ്‍സിന് തോല്‍പ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇബ്രാഹിം സദ്രാനിന്റെയും സെദിഖുള്ള അടലിന്റെയും കരുത്തിലാണ് ടീമിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എടുത്തിരുന്നു. ടീമിനായി സദ്രാനും അടലും അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. സദ്രാന്‍ 45 പന്തില്‍ 65 റണ്‍സും അടല്‍ 45 പന്തില്‍ 64 റണ്‍സും സ്വന്തമാക്കി. മറ്റാരും മികച്ച ബാറ്റിങ് പുറത്തെടുത്തില്ലെങ്കിലും ടീമിന് വിജയിക്കാനായി.


മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നാലെ എത്തിയവര്‍ പലരും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അഫ്ഗാന്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കളി തങ്ങളുടെ വരുത്തിലാക്കി.

ഹാരിസ് റൗഫ് 16 പന്തില്‍ പുറത്താവാതെ 34 റണ്‍സ് നേടി അവസാന ഓവറുകള്‍ ടീമിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പോരാട്ടം വെറുതെയായി. 25 റണ്‍സ് നേടിയ ഫഖാര്‍ സമാനും 20 റണ്‍സ് അടിച്ച സല്‍മാന്‍ അലി ആഘയുമാണ് പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

മറ്റൊരു താരവും മികച്ച ബാറ്റിങ് പുറത്തെടുക്കാത്തതോടെ പാകിസ്ഥാനിന്റെ പോരാട്ടം ഒമ്പത് വിക്കറ്റിന് 151ല്‍ അവസാനിക്കുകയിരുന്നു. ഇതോടെ പരമ്പരയിലെ മെന്‍ ഇന്‍ ഗ്രീനിന്റെ മുന്നേറ്റത്തിന് അവസാനമാവുകയായിരുന്നു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. ടീമിന്റെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് മെന്‍ ഇന്‍ ഗ്രീന്‍ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തില്‍ യു.എ.ഇയും പാക് സംഘത്തിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു.

ഈ മത്സരത്തില്‍ തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ പാകിസ്ഥാന്‍ തന്നെയാണ് ഒന്നാമത്. നാല് പോയിന്റാണ് ടീമിനുള്ളത്. അതേ പോയിന്റുമായി അഫ്ഗാനിസ്ഥാന്‍ രണ്ടാമതുണ്ട്.

Content Highlight: Afghanistan ends Pakistan’s winning streak in Tri – Nation series in UAE

We use cookies to give you the best possible experience. Learn more