സിംബാബ്വേക്കെതിരെയുള്ള ടി-20 പരമ്പരയില രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 19 റൺസിന്റെ തകർപ്പൻ വിജയം നേടിയിരുന്നു. കഴിഞ്ഞ ദിവസം ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേ ഇന്നിങ്സ് 205 റൺസിൽ അവസാനിച്ചു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം പാളിയിരുന്നു. ആദ്യ ഓവറിൽ വീണ രണ്ട് വിക്കറ്റുകളടക്കം അഞ്ച് റൺസിനിടെ അഫ്ഗാനിസ്ഥാൻ ടോപ്പ് ഓർഡർ തകർന്നു.
ഈ സാഹചര്യത്തിൽ ആറാം നമ്പറിൽ ക്രീസിലെത്തിയ ഒമർസായ് അവസരത്തിനൊത്ത് ഉയർന്നു. 12 സിക്സറും അഞ്ച് ഫോറും അടക്കം 232.00 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിൽ 116 റൺസടിച്ചാണ് താരം പുറത്തായത്. ആറാം വിക്കറ്റിൽ ഇജാസ് അഹമ്മദ്സായ്ക്കൊപ്പം 142 റൺസിന്റെ കൂട്ടുകെട്ടാണ് അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അഹമ്മദ്സായ് 27 പന്തിൽ 52 റൺസും അടിച്ചെടുത്തു.
ആദ്യത്തെ നാല് വിക്കറ്റുകൾ നഷ്ടമായതിന് ശേഷം 216 റൺസാണ് അഫ്ഗാനിസ്ഥാൻ അടിച്ചെടുത്തത്. ടി-20യിൽ ആദ്യത്തെ നാല് വിക്കറ്റുകൾ വീണ ശേഷം 200 റൺസിന് മുകളിൽ റൺസ് സ്കോർ ചെയ്യുന്ന (ഫുൾ മെമ്പേഴ്സ്) ആദ്യ ടീമാണ് അഫ്ഗാൻ.
ഇതിന് മുമ്പ് ഈ റെക്കോഡിൽ ഇന്ത്യയുടെ പേരിലായിരുന്നു. 2024ൽ അഫ്ഗാനെതിരെ ഇന്ത്യ നാല് വിക്കറ്റുകൾക്ക് ശേഷം 190 റൺസായിരുന്നു അടിച്ചെടുത്തത്. രോഹിത് ശർമയുടെ സെഞ്ച്വറിയും റിങ്കു സിങ്ങിന്റെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യയെ ഈ റെക്കോഡിലെത്തിച്ചത്. മത്സരത്തിൽ 212 റൺസായിരുന്നു ഇന്ത്യ നേടിയത്.
രോഹിത് ശർമ 69 പന്തിൽ 121 റൺസ് നേടി മികച്ച പ്രകടനം നടത്തി. റിങ്കു സിങ് 39 പന്തിൽ 69 റൺസും നേടിയപ്പോൾ ഇന്ത്യയുടെ ഇന്നിങ്സ് 212ൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും 212 നേടി മത്സരം സമനിലയാവുകയായിരുന്നു. അഫ്ഗാൻ ബാറ്റിങ്ങിൽ ഗുൽബാദിൻ നായിബ് 55 റൺസും റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ എന്നിവർ 50 റൺസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ അഫ്ഗാൻ മത്സരം സമനിലയിൽ പിടിക്കുകയായിരുന്നു. ഒടുവിൽ രണ്ട് സൂപ്പർ ഓവർ കണ്ട മത്സരത്തിൽ പത്ത് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
അതേസമയം അഫ്ഗാനെതിരെ മത്സരത്തിൽ ഷെവ്റോൺസ് ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ സെഞ്ച്വറി കരുത്തിൽ (56 പന്തിൽ പുറത്താകാതെ 106) തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും വിജയലക്ഷ്യത്തിന് 19 റൺസകലെ കാലിടറി വീഴുകയായിരുന്നു.
Content Highlight: Afghanistan break India huge record in T20I