| Thursday, 28th August 2025, 2:16 pm

കൊമ്പനും കൊലകൊമ്പനും ടീമില്‍, ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാനെ കെട്ടുകെട്ടിക്കാന്‍ അഫ്ഗാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ടി-20 ട്രൈനേഷന്‍ സീരിസിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. പാകിസ്ഥാന്‍, യു.എ.ഇ എന്നിവര്‍ക്കെതിരെയാണ് അഫ്ഗാന്‍ സിംഹങ്ങള്‍ ട്രൈ സീരിസിനിറങ്ങുന്നത്.

റാഷിദ് ഖാനെ ക്യാപ്റ്റനാക്കി 17 അംഗ സ്‌ക്വാഡാണ് അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. റാഷിദ് ഖാനൊപ്പം കരുത്തുറ്റ നിരയാണ് കളത്തിലിറങ്ങുന്നത്. വെറ്ററന്‍ താരം മുഹമ്മദ് നബി, റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, ഗുല്‍ബദീന്‍ നയീബ് അടക്കമുള്ള താരങ്ങളാണ് അഫ്ഗാന്റെ കരുത്ത്.

ട്രൈനേഷന്‍ സീരിസിനുള്ള അഫ്ഗാന്‍ സ്‌ക്വാഡ്

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അടല്‍, ദാര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് ഇഷാഖ്, ഗുല്‍ബദീന്‍ നയീബ്, മുഹമ്മദ് നബി, കരീം ജന്നത്, ഷറഫുദ്ദീന്‍ അഷ്‌റഫ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്‌മാന്‍, അള്ളാ ഘന്‍സഫര്‍, അബ്ദുള്ള അഹമ്മദ്‌സായ്, ഫരീക് മാലിക്, ഫസല്‍ ഹഖ് ഫാറൂഖി.

നാളെയാണ് ട്രൈസീരിസിലെ ആദ്യ മത്സരം. ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ നേരിടും. സെപ്റ്റംബര്‍ ഒന്നിന് യു.എ.ഇയെ നേരിടുന്ന അഫ്ഗാന്‍ അടുത്ത ദിവസം പാകിസ്ഥാനെ ഒരിക്കല്‍ക്കൂടി നേരിടും. സെപ്റ്റംബര്‍ അഞ്ചിനാണ് ട്രൈ സീരിസിലെ രണ്ടാം അഫ്ഗാനിസ്ഥാന്‍ – യു.എ.ഇ മത്സരം.

ട്രൈ സീരീസിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കുമിറങ്ങും. പാകിസ്ഥാന്‍, യു.എ.ഇ ടീമുകള്‍ക്കെതിരായ പരമ്പരയില്‍ നിന്നും ഒരു മാറ്റവുമായാണ് അഫ്ഗാനിസ്ഥാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കിരീടത്തിനുള്ള പോരാട്ടത്തിനൊരുങ്ങുന്നത്.

ഏഷ്യാ കപ്പിലേക്ക് നവീന്‍ ഉള്‍ ഹഖ് തിരിച്ചെത്തും. 22കാരന്‍ അബ്ദുള്ള അഹ്‌മദ്‌സായ്ക്ക് പകരമാണ് നവീന്‍ തിരികെ ടീമിലെത്തുന്നത്.

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ബി-യിലാണ് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശ്, ഹോങ് കോങ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഇതില്‍ ശ്രീലങ്കയും ബംഗ്ലാദേശുമാണ് അഫ്ഗാനിസ്ഥാന് വെല്ലുവിളിയാവുക.

സെപ്റ്റംബര്‍ ഒമ്പതിന് ഹോങ് കോങ്ങിനെതിരായ മത്സരത്തോടെയാണ് അഫ്ഗാന്റെ ഏഷ്യാ കപ്പ് ക്യാമ്പെയ്‌ന് തുടക്കമാകുന്നത്. സെപ്റ്റംബര്‍ 16ന് ബംഗ്ലാദേശിനെയും 18ന് ശ്രീലങ്കയെയും ടീം നേരിടും.

Content Highlight: Afghanistan announced squad for Tri Nation Series against Pakistan and UAE

We use cookies to give you the best possible experience. Learn more