| Monday, 23rd March 2015, 8:39 am

ഖുര്‍ആന്‍ കത്തിച്ചെന്നാരോപിച്ച് ജനക്കൂട്ടം യുവതിയെ കൊന്ന സംഭവം: വ്യത്യസ്ത പ്രതിഷേധവുമായി സ്ത്രീകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ഖുര്‍ആന്‍ കത്തിച്ചെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന അഫ്ഗാന്‍ യുവതിയുടെ ശവമഞ്ചം വഹിച്ചുകൊണ്ടുപോയതും സംസ്‌കരിച്ചതും ഒരു കൂട്ടം വനിതാ സാമൂഹിക പ്രവര്‍ത്തകര്‍. പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അസാധാരണമായ ഒരു സമരം എന്ന രീതിയിലാണ് വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

യുവതിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നൂറു കണക്കിനു സ്ത്രീകളാണ് “അള്ളാഹു അക്ബര്‍” എന്നുച്ഛരിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.

വ്യാഴാഴ്ച രാത്രിയോടെയാണ് 27 കാരി കൊല്ലപ്പെട്ടത്.  ജനക്കൂട്ടം യുവതിയെ വധിച്ചശേഷം മൃതശരീരം അഗ്നിക്കിരയാക്കുകയായിരുന്നു. തുടര്‍ന്ന് മൃതശരീരം കാബൂള്‍ നദിയില്‍ ഉപേക്ഷിച്ചെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു ഈ കൊലപാതകം നടന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി ഈ യുവതി മാനസിക രോഗത്തിനു ചികിത്സയിലായിരുന്നെന്നാണ് ക്രിമിനല്‍ കേസ് അന്വേഷണ വിഭാഗം തലവന്‍ ജനറല്‍ ഫാരിദ് അഫ്‌സലി പറഞ്ഞു.

തന്റെ മകള്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡിപ്ലോമ നേടിയിട്ടുണ്ടെന്നും ഖുര്‍ആന്‍ ഏറെ ഇഷ്ടത്തോടെ പാരായണം ചെയ്യാറുണ്ടെന്നുമാണ് കൊല്ലപ്പെട്ട യുവതിയുടെ പിതാവ് പറയുന്നു. തന്റെ മകള്‍ ഒരിക്കലും ഖുര്‍ആനെ അപമാനിക്കുന്ന പ്രവൃത്തി ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിതാവിന്റെ അഭിപ്രായങ്ങളെ പിന്തുണച്ച് സഹോദരന്‍ നജീബുള്ള മലിക്‌സാണ്ട രംഗത്തുവന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more