| Saturday, 28th February 2026, 9:26 am

അഫ്ഗാന്‍-പാക് യുദ്ധം: പാകിസ്ഥാനില്‍ മികച്ച പ്രധാനമന്ത്രിയുണ്ട്, അല്ലെങ്കില്‍ ഞാന്‍ ഇടപെട്ടേനെ: ട്രംപ്

അനിത സി

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനുമായി പാകിസ്ഥാന്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ നിര്‍ണായക പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

താലിബാനുമായുള്ള പാകിസ്ഥാന്റെ യുദ്ധത്തില്‍ താന്‍ ഇടപെട്ടേനെ പക്ഷെ, അവിടെ മികച്ച ഒരു പ്രധാനമന്ത്രിയുണ്ട്. മികച്ച ഒരു ജനറലുണ്ടെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും പ്രതിരോധ സേനാ മേധാവി അസിമ മുനീറിനെയും പ്രശംസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

പാകിസ്ഥാനോടുള്ള പിന്തുണ യു.എസ് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ട്രംപ്.

‘നിങ്ങള്‍ക്കറിയാം ഞാന്‍ ഇടപെടും. പാകിസ്ഥാനുമായി എനിക്ക് നന്നായി യോജിച്ചുപോകാന്‍ സാധിക്കും. നിങ്ങള്‍ക്ക് മികച്ച പ്രധാനമന്ത്രിയുണ്ട്. മികച്ച ഒരു ജനറലുണ്ട്. ഞാന്‍ വളരെയേറെ ബഹുമാനിക്കുന്നവരാണവര്‍. പാകിസ്ഥാന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു,’വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

യു.എസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അലിസണ്‍ ഹുക്കറും പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അംന ബലൂച്ചുമായി ഫോണില്‍ സംഭാഷണം നടത്തുകയും പാകിസ്ഥാനുള്ള യു.എസിന്റെ പിന്തുണ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

പാക്-അഫ്ഗാന്‍ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കാന്‍ പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. താലിബാന്റെ ആക്രമണത്തില്‍ നിന്നും സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തിന് പിന്തുണ നല്‍കുന്നുവെന്ന് അലിസണ്‍ ഹുക്കര്‍ എക്‌സില്‍ കുറിച്ചു.

അതേസമയം, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇരുപക്ഷത്തുമുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് പരസ്പര വിരുദ്ധമായ കണക്കുകള്‍ പുറത്തുവിട്ടത് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. കഴിഞ്ഞദിവസം അഫ്ഗാന്റെ തലസ്ഥാനമായ കാബൂളും കാണ്ഡഹാറും ആക്രമിച്ചതിന് ശേഷമാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അഫ്ഗാനുമായി തുറന്ന യുദ്ധത്തിലാണെന്ന് പ്രഖ്യാപിച്ചത്.

പിന്നാലെ സമാധാന ശ്രമങ്ങള്‍ക്കായി ആഹ്വാനം ചെയ്ത് യു.കെയും ചൈനയും ഇറാനും രംഗത്തെത്തിയിരുന്നു. ആക്രമണത്തിന്റെ തീവ്രത കുറക്കണമെന്ന് യു.കെ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും സമാധാനം പുനസ്ഥാപിക്കാനായി പ്രധാന പങ്കാളിത്തം വഹിക്കാന്‍ സന്നദ്ധരാണെന്നും ചൈന അറിയിച്ചിരുന്നു. മധ്യസ്ഥത വാഗ്ദാനം ചെയതാണ് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Afghan-Pak war: Pakistan has a great PM, or I would have intervened: Trump

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more