ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമിര്‍ഖാന്‍ മുത്താഖി നടത്തിയ പത്രസമ്മേളനത്തില്‍ നിന്നും വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത് സ്ത്രീത്വത്തിനേറ്റ അപമാനമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും പ്രിയങ്ക വ്യക്തമാക്കി.
സ്ത്രീകളുടെ അവകാശങ്ങളെ മോദി അംഗീകരിക്കുന്നത് ഒരു തെരഞ്ഞെടുപ്പില്‍ നിന്നും അടുത്ത തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സമയത്ത് മാത്രമല്ലെങ്കില്‍, രാജ്യത്തെ സ്ത്രീകളെ ഈ വിധത്തില്‍ അപമാനിക്കാന്‍ എന്തിനാണ് അനുവദിച്ചതെന്ന് പ്രിയങ്ക ചോദ്യം ചെയ്തു.
‘പ്രധാനമന്ത്രി മോദി ജീ, താലിബാന്‍ പ്രതിനിധിയുടെ ഇന്ത്യാസന്ദര്‍ശന വേളയില്‍ പത്രസമ്മേളനത്തില്‍ നിന്നും വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ നിങ്ങളുടെ നിലപാട് വ്യക്തമാക്കൂ’, എക്‌സില്‍ പ്രിയങ്ക കുറിച്ചു.
നേരത്തെ, മുത്താഖിയുടെ പത്രസമ്മേളനത്തില്‍ നിന്നും വനിതകളെ മാറ്റി നിര്‍ത്തിയത് തന്നെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പ്രതികരിച്ചിരുന്നു.
തങ്ങളുടെ സഹപ്രവര്‍ത്തകരായ വനിതകളെ പത്രസമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന് വ്യക്തമായപ്പോള്‍ തന്നെ പുരുഷന്മാരായ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകണമായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ചിദംബരം എക്‌സില്‍ കുറിച്ചു.
നമ്മുടെ സ്വന്തം മണ്ണില്‍ നിബന്ധനകള്‍ നിര്‍ദേശിക്കാനും സ്ത്രീകള്‍ക്ക് നേരെ വിവേചനം അടിച്ചേല്‍പ്പിക്കാനും അവര്‍ ആരാണ്? ഇതിനനുവാദം നല്‍കിയ നരേന്ദ്ര മോദിയെയും എസ്. ജയ്ശങ്കറിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു എന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പ്രതികരിച്ചത്.
ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മുത്താഖി വെള്ളിയാഴ്ച കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ അഫ്ഗാന്‍ എംബസിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വളരെ കുറച്ച് റിപ്പോര്‍ട്ടര്‍മാരെ മാത്രം അനുവദിക്കുകയുമായിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു.
ഇതിനോടുള്ള ചോദ്യങ്ങളോട് എംബസി പ്രതികരിച്ചിട്ടുമില്ല. മുത്താഖിയെ അനുഗമിച്ച താലിബാന്‍ ഉദ്യോഗസ്ഥരാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഓരോ രാജ്യത്തിനും അതിന്റെതായ ആചാരങ്ങളും നിയമങ്ങളും തത്വങ്ങളും ഉണ്ടാകുമെന്നും അതിനോട് ബഹുമാനം ഉണ്ടായിരിക്കണമെന്നും മുത്താഖി പ്രതികരിച്ചിരുന്നു. അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ചുള്ള വെള്ളിയാഴ്ചയിലെ പത്രസമ്മേളനത്തിലെ ചോദ്യങ്ങളോടായിരുന്നു മുത്താഖിയുടെ പ്രതികരണം.
ഭരണത്തിലേറിയ കാലം മുതല്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന താലിബാന്‍ ഭരണകൂടത്തിനെ ഐക്യരാഷ്ട്രസഭയടക്കം വിമര്‍ശിച്ചിട്ടുണ്ട്.
Content Highlight: Afghan minister’s exclusion of women from press conference is shameful; Modi should answer: Priyanka Gandhi