തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ കാണാന്‍ എത്തി അഫ്ഗാന്‍ സ്വദേശികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കുടുംബവും. തിരുവനന്തപുരത്തെ ശ്രീകാര്യം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ കാണാന്‍ എത്തിയത്. മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണിവര്‍. കേരള യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ റിസേര്‍ച്ചറാണ് കുട്ടികളുടെ പിതാവ് ഷഫീഖ് റഫീമി.
മാതാപിതാക്കളുടെ പഠനത്തിന്റെ ഭാഗമായാണ് കുട്ടികള്‍ കേരളത്തില്‍ എത്തിയത്. ആറാം ക്ലാസില്‍ പഠിക്കുന്ന മാര്‍വ റഹീമി, അഹമ്മദ് മുസമീല്‍ റഹീമി, മൂന്നാം ക്ലാസില്‍ പഠിക്കുന്ന അഹമ്മദ് മന്‍സൂര്‍ റഹീമി എന്നിവരാണ് കുടുംസമേതം മന്ത്രിയുടെ വസതിയില്‍ എത്തിയത്. ഇവര്‍ക്ക് പുറമെ സഹോദരങ്ങളായ അഹമ്മദ് മഹിന്‍ റഹീമി, മൂന്നര വയസുള്ള മഹ്നാസ് റഹീമി എന്നിവരെ പ്രീ സ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് മാതാപിതാക്കള്‍.
ശ്രീകാര്യം സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളെ മന്ത്രി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവരെ കുടുംബസമേതം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ പങ്കാളി ആര്‍. പാര്‍വതി ദേവിയുമായും സമയം ചെലവഴിച്ചു. കുടുംബത്തിന്റേയും കുട്ടികളുടേയും സ്‌കൂള്‍ വിശേഷമെല്ലാം മന്ത്രി ചോദിച്ചറിഞ്ഞു. മന്ത്രിക്കൊപ്പമാണ് ഇവര്‍ പ്രഭാത ഭക്ഷണം കഴിച്ചത്. സംസാരത്തിനിടെ ലിഫ്റ്റും എ.സിയും ഉള്ള സ്‌കൂള്‍ അടിപൊളിയാണെന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് പറയുകയുണ്ടായി.
വിദ്യാഭ്യാസ മേഖലയിലെ നിരവധി വിവാദങ്ങള്‍ക്കിടയിലാണ് വിദ്യഭ്യാഭ്യാസ മന്ത്രിയുടെ ഈ കൂടിക്കാഴ്ച്ച. സ്‌കൂള്‍ സമയത്തിലെ മാറ്റം, സൂംബ വിവാദം, പാദപൂജ വിവാദം എന്നീ വിഷയങ്ങള്‍ സജീവ ചര്‍ച്ചയില്‍ തുടരുകയാണ്. ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള
ബന്തടുക്ക കാക്കച്ചാല്‍ സരസ്വതി വിദ്യാലയത്തില്‍ വെച്ച് റിട്ടയേര്‍ഡ് അധ്യാപകരുടെ കാല്‍ വിദ്യാര്‍ത്ഥികള്‍ കഴുകിയ സംഭവത്തില്‍ വി. ശിവന്‍കുട്ടി വിശദീകരണം തേടിയിരുന്നു.
വിദ്യാഭ്യാസം നേടാനുള്ള അവകാശം പൊരുതി നേടിയതാണെന്നും അത് ആരുടേയും കാല്‍ക്കീഴില്‍ അടിയറവ് വെക്കാനാവില്ലെന്നുമാണ് മന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്. സ്‌കൂള്‍ സമയത്തിന്റെ പുനക്രമീകരണവുമായി ബന്ധപ്പെട്ട് എതിര്‍പ്പ് ഉന്നയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: Afghan children and family visits education minister V. Sivankutty