അഫ്ഗാനിസ്ഥാനുമായുള്ള ഏക ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡെടുത്ത് സിംബാബ്‌വെ. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് റണ്‍സിന്റെ ലീഡാണ് ടീമിനുള്ളത്. നിലവില്‍ സിംബാബ്‌വെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ബെന്‍ കറന്‍, ബ്രെണ്ടന്‍ ടെയ്ലര്‍ എന്നിവരാണ് ക്രീസിലുള്ളത്.
കറന്‍ 110 പന്തില്‍ 52 റണ്‍സ് എടുത്താണ് ബാറ്റിങ് ചെയ്യുന്നത്. ഇതുവരെ അഞ്ച് ഫോറുകളാണ് താരം നേടിയത്. മറുവശത്ത് 21 പന്തുകള്‍ നേരിട്ട് 18 റണ്‍സുമായാണ് ടെയ്ലര്‍ ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്. മൂന്ന് ഫോറുകളാണ് താരം അടിച്ചത്.
നിക്ക് വെല്‍ച്ചിന്റെയും ബ്രയാന്‍ ബെന്നറ്റിന്റെയും വിക്കറ്റുകളാണ് സിംബാബ്‌വെയ്ക്ക് നഷ്ടമായത്. വെല്‍ച്ച് 89 പന്തില്‍ 49 റണ്‍സ് നേടിയപ്പോള്‍ ബെന്നറ്റ് ഒമ്പത് പന്തില്‍ ആറ് റണ്‍സ് എടുത്തു.
അഫ്ഗാനിസ്ഥാനായി ബൗളിങ്ങില്‍ തിളങ്ങിയത് സിയാവുര്‍ റഹ്‌മാനാണ്. താരമാണ് ടീമിനായി രണ്ട് വിക്കറ്റും വീഴ്ത്തിയത്.
നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 127 റണ്‍സിന് പുറത്തായിരുന്നു. അഫ്ഗാന്‍ നിരയില്‍ റഹ്‌മാനുള്ളാഹ് ഗുര്‍ബാസും അബ്ദുല്‍ മാലിക്കുമാണ് തിളങ്ങിയത്. ഗുര്‍ബാസ് 37 പന്തില്‍ മൂന്ന് ഫോര്‍ അടക്കം 37 റണ്‍സെടുത്തു. അതേസമയം, മാലിക് 40 പന്തുകളില്‍ നിന്ന് രണ്ട് ഫോറുള്‍പ്പെടെ 30 റണ്‍സാണ് അടിച്ചത്.
ഇവര്‍ക്ക് പുറമെ, ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍, ബഹിര്‍ ഷാ, യാമിന്‍ അഹമ്മദ്‌സായി എന്നിവരും രണ്ടക്കം കടന്നു. സദ്രാന്‍ 23 പന്തില്‍ 19 റണ്‍സും ബഹിര്‍ ഷാ 30 പന്തില്‍ 12 റണ്‍സും സ്വന്തമാക്കി. അഹമ്മദ്‌സായി 15 പന്തില്‍ പുറത്താവാതെ പത്ത് റണ്‍സും നേടി.
സിംബാബ്‌വെക്കായി ബ്രാഡ് ഇവാന്‍സാണ് അഫ്ഗാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. താരം 9.3 ഓവര്‍ എറിഞ്ഞ് അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. താരത്തിനൊപ്പം, ബ്ലെസ്സിങ് മുസറബാനി മൂന്ന് വിക്കറ്റും തനക ചിവാംഗ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Afg vs Zim: Zimbabwe secured three run lead in one off test against Afghanistan