ലയണല്‍ മെസിയുടെയും അര്‍ജന്റീനയുടെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രൊമോ വീഡിയോയുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. എ.എഫ്.എ ഇന്ത്യയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അര്‍ജന്റീന കേരളത്തിലേക്കെത്തുന്നു എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്ക് നന്ദിയറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ഒപ്പം ഇവന്റിന്റെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ടി.വിക്കും ടീം നന്ദി അറിയിക്കുന്നുണ്ട്.
‘അര്‍ജന്റൈന്‍ ദേശീയ ടീം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഭാഗമായി 2025 നവംബറില്‍ കേരളത്തിലെത്തുന്നു. ഒരു വര്‍ഷം മുമ്പ് മാഡ്രിഡിലെ ഞങ്ങളുടെ ആസ്ഥാനത്തുവെച്ച് കേരളാ സര്‍ക്കാരുമായി ആരംഭിച്ച പദ്ധതിയാണിത്.
അന്താരാഷ്ട്ര തലത്തില്‍ കായിക മേഖലയുടെ വിപുലീകരണത്തിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ അധ്യായം ആരംഭിക്കുകയാണ്,’ പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ എ.എഫ്.എ കുറിച്ചു.
നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കളിക്കുമെന്നാണ് എ.എഫ്.എ അറിയിച്ചിരിക്കുന്നത്.
2011ന് ശേഷമുള്ള മെസിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
ഗവണ്‍മെന്റുമായി ആലോചിച്ചതിന് ശേഷമാണ് മത്സര ദിനം ക്രമീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസമായിരിക്കും മെസി കേരളത്തില്‍ ഉണ്ടാകുക.
ഇത് സംബന്ധിച്ച് കേരള കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിപ്പ് പങ്കുവെച്ചാണ് അദ്ദേഹം സ്ഥിരീകരണം അറിയിച്ചത്.
‘നവംബര്‍ 2025 ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ സൗഹൃദ മത്സരത്തിനായി ലയണല്‍ മെസ്സി അടങ്ങുന്ന ഖത്തര്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യല്‍ മെയില്‍ വഴി ലഭിച്ചു,’ പോസ്റ്റില്‍ പറഞ്ഞു.
Content Highlight: AFA India shares promo video of Argentina’s visit to Kerala