| Wednesday, 7th June 2017, 10:16 pm

'അനാവശ്യ സബ്മിഷന്‍ ഉന്നയിച്ച രത്‌നാകരന് എതിരായാണ് അച്ചടക്ക നടപടി എടുക്കേണ്ടത്'; ആഡംബര വിവാഹ വിഷയത്തില്‍ പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ എം.എല്‍.എ ഗീത ഗോപിയുടെ മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയ സംഭവത്തില്‍ പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍. “മുല്ലക്കര രത്‌നാകരനെ കൊണ്ട് തോറ്റു!” എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജയശങ്കറിന്റെ പരിഹാസം.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എത്രയോ നേതാക്കള്‍ മക്കളുടെ കല്യാണം ആര്‍ഭാടമായി നടത്തിയിരിക്കുന്നു എന്ന് ചോദിച്ച അദ്ദേഹം അന്നൊന്നും ആര്‍ക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു. മുല്ലക്കര രത്‌നാകരന്റെ മുടിഞ്ഞ സബ്മിഷന്‍ ഇല്ലായിരുന്നെങ്കില്‍ പാവം ഗീതാഗോപിയുടെ മകളുടെ കല്യാണം ആരും ശ്രദ്ധിക്കപോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘ആശയമില്ലാത്തവര്‍ എന്നും അക്രമിച്ചു കീഴ്‌പെടുത്താന്‍ ശ്രമിക്കും’; സീതാറം യെച്ചൂരിയ്‌ക്കെതിരായ അക്രമത്തില്‍ സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം


ഇതിനെക്കാളൊക്കെ എത്രയോ ഗംഭീരമായിരുന്നു, സഖാവ് സി. ദിവാകരന്റെ മകളുടെയും മകന്റെയും വിവാഹച്ചടങ്ങുകള്‍. സ്വര്‍ണാഭരണം കുറച്ചു കുറവായിരുന്നുവെങ്കിലും കെ.പി. രാജേന്ദ്രനും മക്കളുടെ കല്യാണം മോടിയിലാണ് നടത്തിയത്.

ബിനോയ് വിശ്വത്തെ പോലുളളവരും ഈ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. സ്വന്തം കല്യാണത്തിന് സഖാവ് നാരങ്ങാവെള്ളം കൊടുത്തു; മക്കളുടെ കല്യാണത്തിന് ആരെയും ക്ഷണിച്ചുമില്ല, ഒന്നും കൊടുത്തുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


Don”t Miss: സീതാറാം യെച്ചൂരിയെ ആക്രമിച്ചതിനെ നിശിതമായി വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടി; ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് രാജ്യം ഉറ്റുനോക്കുന്നുവെന്നും മുന്‍മുഖ്യമന്ത്രി


പിണറായിയും ജി. സുധാകരനും എം.എ ബേബിയും മക്കളുടെ കല്യാണം നിരാര്‍ഭാടമായാണ് നടത്തിയതെങ്കിലും കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്റെ കല്യാണം വലിയ മാമാങ്കമായിരുന്നുവെന്നും അത് വിവാമായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

പാര്‍ട്ടി നയം ലംഘിച്ച് ആര്‍ഭാട വിവാഹം നടത്തിയതിന് ഗീത സഖാവിനെതിരെ നടപടി ഉണ്ടാകും എന്നാണ് സൂചന. സ്വര്‍ണപ്പണ്ടം അഴിച്ചു വെപ്പിക്കുമോ അതോ വിവാഹം തന്നെ റദ്ദാക്കുമോ എന്നറിയില്ല. സത്യത്തില്‍, അനാവശ്യ സബ്മിഷന്‍ ഉന്നയിച്ചു വേണ്ടാത്ത വിവാദം ക്ഷണിച്ചുവരുത്തിയ രത്‌നാകരന് എതിരായാണ് അച്ചടക്ക നടപടി എടുക്കേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുല്ലക്കര രത്‌നാകരനെ കൊണ്ട് തോറ്റു!

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എത്രയോ നേതാക്കള്‍ മക്കളുടെ കല്യാണം ആര്‍ഭാടമായി നടത്തിയിരിക്കുന്നു? അന്നൊന്നും ആര്‍ക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. മുല്ലക്കര രത്‌നാകരന്റെ മുടിഞ്ഞ സബ്മിഷന്‍ ഇല്ലായിരുന്നെങ്കില്‍ പാവം ഗീതാഗോപിയുടെ മകളുടെ കല്യാണം ആരും ശ്രദ്ധിക്കപോലും ഇല്ലായിരുന്നു.
ഇതിനെക്കാളൊക്കെ എത്രയോ ഗംഭീരമായിരുന്നു, സഖാവ് സി.ദിവാകരന്റെ മകളുടെയും മകന്റെയും വിവാഹച്ചടങ്ങുകള്‍. സ്വര്‍ണാഭരണം കുറച്ചു കുറവായിരുന്നുവെങ്കിലും കെപി രാജേന്ദ്രനും മക്കളുടെ കല്യാണം മോടിയിലാണ് നടത്തിയത്.
ബിനോയ് വിശ്വത്തെ പോലുളളവരും ഈ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. സ്വന്തം കല്യാണത്തിന് സഖാവ് നാരങ്ങാവെളളം കൊടുത്തു; മക്കളുടെ കല്യാണത്തിന് ആരെയും ക്ഷണിച്ചുമില്ല, ഒന്നും കൊടുത്തുമില്ല.
ബിനോയിയോളം എത്തിയില്ല എങ്കിലും, പിണറായി വിജയനും ജി സുധാകരനും എംഎ ബേബിയും മക്കളുടെ കല്യാണം പരമാവധി ലളിതമായി, നിരാര്‍ഭാടമായി നടത്തിയവരാണ്. മറിച്ച്, കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്റെ കല്യാണം വലിയ മാമാങ്കമായിരുന്നു. രണ്ടാമന്റേത് സാമാന്യം വിവാദപരവും ആയിരുന്നു.
സഖാവ് ഇകെ നായനാര്‍ മൂന്നാംതവണ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് രണ്ടാമത്തെ മകന്‍ വിനോദിന്റെ വിവാഹം. വധുവിന്റെ കഴുത്തിലും കയ്യിലും കൂടി വെറും രണ്ടര കിലോ സ്വര്‍ണമേ ഉണ്ടായിരുന്നുള്ളൂ.
പാര്‍ട്ടി നയം ലംഘിച്ച് ആര്‍ഭാട വിവാഹം നടത്തിയതിന് ഗീത സഖാവിനെതിരെ നടപടി ഉണ്ടാകും എന്നാണ് സൂചന. സ്വര്‍ണപ്പണ്ടം അഴിച്ചു വെപ്പിക്കുമോ അതോ വിവാഹം തന്നെ റദ്ദാക്കുമോ എന്നറിയില്ല.
സത്യത്തില്‍, അനാവശ്യ സബ്മിഷന്‍ ഉന്നയിച്ചു വേണ്ടാത്ത വിവാദം ക്ഷണിച്ചുവരുത്തിയ രത്‌നാകരന് എതിരായാണ് അച്ചടക്ക നടപടി എടുക്കേണ്ടത്.

We use cookies to give you the best possible experience. Learn more