| Wednesday, 30th April 2025, 9:41 pm

നൂതന കാന്‍സര്‍ ചികിത്സ കാര്‍ ടി. സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി. സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന കാര്‍ ടി. സെല്‍ യൂണിറ്റിന്റെയും നവീകരിച്ച പി.എം.ആര്‍ വിഭാഗത്തിന്റെയും ഉദ്ഘാടനം മെയ് ഒന്നിന് ഷാഫി പറമ്പില്‍ എം.പി നിര്‍വഹിക്കും. മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധം ഉറപ്പാക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി. സെല്ലുകള്‍.

കാര്‍ ടി. സെല്‍ ചികിത്സാ രീതിയില്‍ ഈ ലിംഫോസൈറ്റുകളെ രോഗിയില്‍ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയില്‍ വെച്ച് ജനിതക മാറ്റം നടത്തുന്നു.

ജനിതകമാറ്റം വരുത്തിയ കോശങ്ങള്‍ രോഗിയില്‍ തിരികെ പ്രവേശിപ്പിക്കുന്നതോടെ ഇവ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാന്‍സര്‍ കോശങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കുന്നു. ട്യൂമറിനെതിരായ ഏറ്റവും ഫലപ്രദമായ തെറാപ്പികളില്‍ ഒന്നാണിതെന്നും, രക്താര്‍ബുദ ചികിത്സയിലും മറ്റും ഏറെ ഫലപ്രദമായ ചികിത്സയാണെന്നും ക്ലിനിക്കല്‍ ഹെമറ്റോളജിസ്‌റ് & ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ഫിസിഷന്‍ ഡോ. സുദീപ് വി പറഞ്ഞു.

പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കില്‍ റേഡിയേഷന്‍ തെറാപ്പി ചികിത്സയില്‍ നിന്ന് വ്യത്യസ്തമായി കാര്‍ ടി. സെല്‍ തെറാപ്പി ഒറ്റത്തവണ ചികിത്സ ആണെന്ന് മാത്രമല്ല മറ്റു കാന്‍സര്‍ ചികിത്സകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ചികിത്സയിലൂടെ രോഗിയുടെ രോഗ ലക്ഷണങ്ങള്‍ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം മറ്റു ചികിത്സയെ അപേക്ഷിച്ച് ആശുപത്രിവാസ സമയവും താരതമ്യേന കുറവാണെന്നും ആസ്റ്റര്‍ മിംസ് സി.ഒ.ഒ ലുഖ്മാന്‍ പൊന്‍മ്മാടത്ത് പറഞ്ഞു.

വിവിധ തരത്തിലുള്ള ശാരീരിക വെല്ലുവിളികളില്‍ നിന്നും ബുദ്ധിമുട്ടുന്ന വ്യക്തികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുന്ന ഒരു ആധുനിക വൈദ്യശാസ്ത്ര ശാഖയാണ് പി.എം.ആര്‍. അഥവാ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍.

രോഗികളെ അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ പ്രാപ്തരാക്കുകയും, ജീവിത നിലവാരം മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ പ്രാപ്തമാകുകയുമാണ് അത്യാധുനിക സംവിധാനത്തോടെ തയ്യാറാക്കിയ യൂണിറ്റിലൂടെ ചെയ്യുന്നത്‌.

ഫിസിയാട്രിസ്റ്റ് (റിഹാബിലിറ്റേഷന്‍ വിദഗ്ദ്ധന്‍), ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, പ്രോറ്റിസ്റ്റ്, ഓര്‍ത്തോട്ടിസ്റ്റ്, റിഹാബിലിറ്റേഷന്‍ നഴ്സുമാര്‍, സൈക്കോളജിസ്റ്റ്, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ ടീമിലുടെ പി.എം.ആറിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്നും ഡോ.ആയിഷ റുബീന പറഞ്ഞു.

പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് സിഎംഎസ് എബ്രഹാം മാമന്‍, സി.ഒ.ഒ. ലുഖ്മാന്‍ പൊന്‍മ്മാടത്ത്, ഡെപ്യൂട്ടി സി.എം.എസ്. നൗഫല്‍ ബഷീര്‍, ഡോ. സുദീപ് വി, ഡോ. കേശവന്‍ എം ആര്‍, ഡോ. ആയിഷ റുബീന തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlight: Advanced cancer treatment CAR T Cell Therapy at Aster Mims

We use cookies to give you the best possible experience. Learn more