| Monday, 8th February 2021, 5:32 pm

രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും കേസെടുക്കേണ്ടെ?; അഡ്വ രശ്മിത രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കഴിഞ്ഞ ദിവസമാണ് നടന്‍ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ടോപ് ലെസ് ആയ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്.

ഇതിന് പിന്നാലെ ഫേസ്ബുക്കിലെയും മറ്റും ‘സദാചാര ആങ്ങളമാരെ’ ട്രോളി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. മുമ്പ് പലപ്പോഴും നടിമാരുടെ വസ്ത്രത്തിന്റെ അളവ് നിശ്ചയിച്ചവര്‍ എവിടെ എന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ മറ്റൊരു കാര്യവും ചര്‍ച്ചയാക്കിയിരിക്കുകയാണ് അഡ്വ. രശ്മിത രാമചന്ദ്രന്‍. മുമ്പ് രഹ്‌ന ഫാത്തിമ എന്ന വ്യക്തി ബോഡി പെയിന്റിംഗ് നടത്തിയപ്പോള്‍ കേസ് എടുക്കുകയും സദാചാര ചര്‍ച്ച നടത്തുകയും ചെയ്തവര്‍ എന്താണ് പൃഥ്വിരാജിന്റെ ഷര്‍ട്ടില്ലാത്ത ചിത്രം കണ്ടിട്ട് പ്രതികരിക്കാത്തതും കേസ് എടുക്കാത്തതെന്നുമാണ് രശ്മിത ചോദിക്കുന്നത്.

നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്? എന്നും രശ്മിത ചോദിച്ചു.

രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലില്‍ പെയ്ന്റ് ചെയ്യിച്ചപ്പോള്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീര്‍ത്തു തരണം….

നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?

പൃഥ്വിരാജ് സുകുമാരന്‍ എന്ന സുന്ദരനായ നടന്‍ സ്വന്തം മുലക്കണ്ണുകള്‍ കാണിച്ചു നില്‍ക്കുന്ന ചിത്രം പൊതുവിടത്തില്‍ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി! അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തില്‍ ഒരുപാടു സ്ത്രീകളില്‍ / പുരുഷന്മാരില്‍/ ഭിന്ന ലൈംഗിക താത്പര്യക്കാരില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള സാധ്യതയുണ്ട്.

പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണ്.

ധനാഢ്യതയിലും ലോക പരിചയത്തിലും വന്‍ സ്വാധീനവും ആള്‍ബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്ന ഫാത്തിമയേക്കാള്‍ ഒരുപാടു മുകളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താല്‍ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാള്‍ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണം.

കേരളത്തിലെ ഉത്സാഹമുള്ള പൊലീസ് ഈ നഗ്‌ന ചിത്രത്തിന് കാരണമായവര്‍ക്കെതിരെ – രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും – കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെ….

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more