| Sunday, 24th December 2017, 5:50 pm

'തമിഴ് മക്കളെ കാപ്പാത്താന്‍ പുറപ്പെട്ട ബി.ജെ.പി നോട്ടയ്ക്കും പിന്നില്‍'; ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ആര്‍.കെ നഗറില്‍ ടി.ടി.വി ദിനകരന്റെ വിജയത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“ദിനകരനു കിട്ടിയ വോട്ടിന്റെ പകുതി വോട്ടേ എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയ്ക്കു കിട്ടിയൊള്ളൂ. ഡി.എം.കെ മൂന്നാം സ്ഥാനത്തായെന്നു മാത്രമല്ല ജാമ്യസംഖ്യ നഷ്ടപ്പെട്ടു. ദ്രാവിഡ പാര്‍ട്ടികളില്‍നിന്ന് തമിഴ് മക്കളെ കാപ്പാത്താന്‍ പുറപ്പെട്ട ബി.ജെ.പി നാം തമിഴര്‍ പാര്‍ട്ടിക്കും നോട്ടയ്ക്കും പിന്നിലായി.”

ആര്‍.കെ നഗറിലെ ജനവിധി 1973 ലെ ദിണ്ടിഗല്‍ ഉപതെരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടി.ടി.വി. ദിനകരന്‍ കനത്ത ഭൂരിപക്ഷത്തിലാണ് ജയിച്ചത്. തുടക്കം മുതലേ ലീഡ് നിലനിര്‍ത്തി മുന്നേറുന്ന ദിനകരന്‍ 86472 വോട്ടുകള്‍ നേടി. 40707 വോട്ടിന്റെ ലീഡാണ് അദ്ദേഹം നേടിയിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ കരുതലോടെ നീങ്ങിയ ബി.ജെ.പി നോട്ട്ക്കും പുറകില്‍ ആറാം സ്ഥാനത്താണ്. സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി.

We use cookies to give you the best possible experience. Learn more