| Wednesday, 19th September 2012, 9:44 am

ഇസ്‌ലാം വിരുദ്ധ സിനിമ: പാക്കിസ്ഥാനിലെ യു.എസ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇസ്‌ലാം വിരുദ്ധ സിനിമയായ “ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്” നെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ യു.എസ് പൗരന്മാര്‍ക്ക് യു.എസ് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമയ്‌ക്കെതിരെ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് പൗരന്മാര്‍ക്ക് യു.എസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.[]

യു.എസ് വെബ്‌സൈറ്റിലൂടെയാണ് പാക്കിസ്ഥാനിലെ യു.എസ് പൗരന്മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കറാച്ചി, പെഷവാര്‍, ലാഹോര്‍ തുടങ്ങിയ നഗരങ്ങളിലേയ്ക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ പ്രത്യേക അനുമതി തേടിയ ശേഷമേ യാത്ര പാടുള്ളുവെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസില്‍ പ്രവാചകനെയും ഇസ്‌ലാം മതത്തെയും മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് ലോകത്തെമ്പാടും അമേരിക്കക്കെതിരായി വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ക്കെതിരെ പ്രക്ഷോഭകര്‍ അക്രമം അഴിച്ചുവിടുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പ്രക്ഷോഭകര്‍ അക്രമപാതയില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യയിലെ പരമോന്നത ആത്മീയ നേതാവ് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ അല്‍ശൈഖ് രംഗത്തെത്തിയിരുന്നു.

ഇസ്‌ലാം മതവിശ്വാസികളുടെ ഈ രീതിയിലുള്ള പ്രതികരണം ഇത്തരം സിനിമകള്‍ എടുക്കുന്നവരുടെ ലക്ഷ്യം നേടാന്‍ സഹായിക്കലാകുമെന്നും നിരപരാധികളെ വധിക്കുന്നതും പൊതുമുതലുകള്‍ നശിപ്പിക്കുന്നതും ഒഴിവാക്കാന്‍ മുസ്ലീങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മുഹമ്മദ് നബിയെ അവഹേളിക്കുന്ന സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ലിബിയയില്‍ തുടങ്ങിയ പ്രക്ഷോഭം പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും മറ്റ് അറബ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

അതേസമയം, സിനിമയുടെ സംവിധായകനായ ബസ്സെലി നിക്കോളയെ അമേരിക്കന്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. സിനിമയുടെ മാനേജര്‍ മാത്രമാണ് താനെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more