ഐ.എസ്.എല്ലിലെ 2022 – 2023 സീസണിൽ മോശം പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നത്. ഈസ്റ്റ് ബംഗാളിനെതിരെ ജയിച്ചുതുടങ്ങിയ ബ്ലാസ്റ്റേഴ്സ് തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ തോൽക്കുകയാണ് ചെയ്തത്.
ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിൽ ഒറ്റത്തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയം കണ്ടത്. ഫുട്ബോളിലെ കൊമ്പന്മാരായ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ശക്തമായ വിമർശനങ്ങളാണുയരുന്നത്.
ടീമിൽ അടിമുടി മാറ്റം വരുത്തിയാൽ മാത്രമേ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിക്കൊരു മുന്നേറ്റമുണ്ടാകൂ എന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നെങ്കിലും കോച്ച് ഇവാൻ വുകോമനോവിച്ച് ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു.
കളിയുടെ സ്വഭാവം ഇതുപോലെ തന്നെ തുടരുമെന്നും യാതൊരു വിധ മാറ്റവും വരുത്താൻ പോകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
മൂന്ന് താരങ്ങളുടെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് ശ്രദ്ധിക്കേണ്ടതെന്നാണ് വിമർശകർ വിലയിരുത്തിയത്.
പ്രധാന പ്രശ്നം ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ടീമിന്റെ ഗോളിയായ പ്രഭ്‌സുഖൻ സിങ് ഗില്ലിന് ഈസ്റ്റ് ബംഗാൾ ക്ലബ്ബിന് എതിരായ ആദ്യ മത്സരത്തിൽ തന്നെ പിഴവുകൾ സംഭവിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
സ്‌ട്രൈക്കർമാരായ ദിമിത്രിയോസ് ഡയമാന്റകോസ്, അപ്പൊസ്‌തൊലസ് ജിയാനുവിന്റെയും പ്രകടനത്തെയും ആരാധകർ വിമർശിച്ചു.
കഴിഞ്ഞ സീസണിൽ അൽവാരോ വാസ്ക്വസും ജോർജ് പെരേയ്ര ഡയസും ചേർന്ന് നടത്തിയ ഗോൾവേട്ട ആരാധകർക്ക് സന്തോഷം നൽകുന്ന ഓർമയാണ്. എന്നാൽ ഇത്തവണ ആദ്യ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോഴും ദിമിയും ജിയാനുവും ടീമുമായി ഒത്തുചേർന്നിട്ടില്ല.
എന്നാൽ വൈകാതെ തന്നെ ടീം മികച്ച പ്രകടനം നടത്തുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം അഡ്രിയാൻ ലൂണ പറയുന്നത്.
കഴിഞ്ഞ സീസണിൽ ജോർജും ആൽവാരോയുമുണ്ടായിരുന്നപ്പോൾ നല്ല പ്രകടനം കാഴ്ചവയ്ക്കാനായി എന്നത് ശരിയാണെന്നും ഇത്തവണ അവർക്ക് പറ്റിയ പകരക്കാരുണ്ടെന്നും ലൂണ പറഞ്ഞു.
കളിക്കാർക്ക് പരസ്പരം അറിയാനും കളിക്കളത്തിലെ നീക്കങ്ങളും മറ്റും മനസിലാക്കാനും മൂന്നോ നാലോ മത്സരങ്ങൾ വേണ്ടി വരുന്നത് കൊണ്ട് കുറച്ച് സമയമെടുത്തിട്ടാണെങ്കിലും തങ്ങൾ മികവിലേക്കുയരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സഹതാരങ്ങളിൽ നൂറ് ശതമാനം വിശ്വാസമുണ്ടെന്നും വൈകാതെ ബ്ലാസ്റ്റേഴ്സ് മികച്ച നിലയിലെത്തുമെന്നും ലൂണ കൂട്ടിച്ചേർത്തു.
Content HIghlights: Adrian Luna speaks about Kerala Blasters and his co players