| Thursday, 19th March 2026, 12:13 pm

പുതിയ സാഹചര്യം മുതലെടുക്കാന്‍ അടൂര്‍ പ്രകാശ്; സമ്മര്‍ദം തുടങ്ങി, ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

ആദർശ് എം.കെ.

പത്തനംതിട്ട: കെ. സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ചരടുവലികള്‍ ആരംഭിച്ച് അടൂര്‍ പ്രകാശ്. കോന്നി സീറ്റില്‍ മത്സരിക്കാനുള്ള നീക്കമാണ് അടൂര്‍ പ്രകാശ് നടത്തുന്നത്.

നേരത്തെ എം.പിമാര്‍ മത്സരിക്കേണ്ടതില്ല എന്ന എ.ഐ.സി.സി തീരുമാനത്തിന് പിന്നാലെയാണ് കെ. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കേണ്ടെന്ന നിലപാടിലെത്തിയത്. എന്നാല്‍ സുധാകരന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സീറ്റ് നല്‍കിയതോടെയാണ് അടൂര്‍ പ്രകാശും സമ്മര്‍ദ തന്ത്രങ്ങള്‍ ആരംഭിച്ചത്.

നേരത്തെ എ.ഐ.സി.സി തീരുമാനത്തിന് പിന്നാലെ അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ വൈകാരിക പോസ്റ്റ് പങ്കുവെച്ചിരുന്നു. കോന്നിയിലേക്ക് മത്സരത്തിനില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നതുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. മത്സരിക്കാനുള്ള എല്ലാ വഴികളും അടഞ്ഞതോടെയായിരുന്നു ഈ പോസ്റ്റ്.

എന്നാല്‍ സുധാകരന് സീറ്റ് നല്‍കിയതിന് പിന്നാലെ ഈ പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു. പുതിയ സാഹചര്യത്തില്‍ മുതലെടുക്കാന്‍ തന്നെയാണ് അടൂര്‍ പ്രകാശ് ഒരുങ്ങുന്നത്.

നേരത്തെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലം നിലനിര്‍ത്താന്‍ അടൂര്‍ പ്രകാശ് വേണം എന്ന സമ്മര്‍ദത്തിന് പിന്നാലെയാണ് അദ്ദേഹം എം.പി. സ്ഥാനത്തേക്ക് മത്സരിച്ചത്.

1996, 2001, 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ കോന്നിയെ പ്രതിനിധീകരിച്ചത് അടൂര്‍ പ്രകാശായിരുന്നു.

അടൂര്‍ പ്രകാശ് നിര്‍ദേശിച്ച ആളല്ല കോന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. മുന്‍ ഡി.സി.സി. അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പിലിനാണ് സാധ്യത കല്‍പിക്കുന്നത്. തനിക്ക് മത്സരിക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്റെ അടുത്ത അനുയായി റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കാനാകും അടൂര്‍ പ്രകാശ് താത്പര്യപ്പെടുക.

Content Highlight: Adoor Prakash starts pressure tactics after K. Sudhakaran is allowed to contest in the assembly elections

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more