പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളില്‍ രാഹുലിനെ പിന്തുണച്ച് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആരെക്കുറിച്ചും എന്ത് വിവരവും നിര്‍മിച്ചെടുക്കാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മറ്റ് പലരെയും വേട്ടയാടുന്നതുപോലെ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ക്രൂശിക്കുകയാണെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. രാഹുലിന്റേതായി പുറത്തുവന്ന കോള്‍ റെക്കോര്‍ഡ് വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് എ.ഐയുടെ കാലഘട്ടമാണ്. ആരെക്കുറിച്ചും ഏത് തരത്തിലുള്ള വിവരങ്ങളും സൃഷ്ടിക്കാന്‍ സാധിക്കും,’ അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് അഭിനന്ദനാര്‍ഹമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ നിയമസഭയില്‍ വരരുതെന്ന് പറയാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ ഡി.വൈ.എഫ്.ഐക്കോ അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നത് പാര്‍ട്ടിയാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി.
പരാതി എവിടെയാണ്, ആരാണ് പരാതിക്കാര്‍ എന്ന ചോദ്യങ്ങള്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്നും ചോദിച്ചത് എ ഗ്രൂപ്പുകാരായിരുന്നു. അതിനുശേഷം കോണ്‍ഗ്രസ്സ് നേതാക്കള്‍ സമാനമായ പ്രതികരണങ്ങളിലേക്ക് കടന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഹുലിനെ സംരക്ഷിക്കാനായി കോണ്‍ഗ്രസ്സ് നേതാക്കള്‍ തുടക്കം മുതല്‍ തന്നെ ശ്രമിച്ചിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. ഡി.വൈ.എസ്.പി ഷാജിക്കാണ് അന്വേഷണച്ചുമതല. ഇന്‍സ്പെക്ടര്‍മാരായ സാഗര്‍, സജന്‍, സൈബര്‍ ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ഷിനോജ് എന്നിവരും സംഘത്തിലുണ്ട്.
നേരത്തെ ഡി.വൈ.എസ്.പി ബിനുകുമാറിനായിരുന്നു അന്വേഷണ ചുമതല. ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്നാരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ അഭിഭാഷകന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഡി.ജി.പി. റവാഡ ചന്ദ്രശേഖര്‍ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
ഇതിന്റെ ഭാഗമായി പത്തോളം പേരുടെ മൊഴി പ്രാഥമികമായി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. ക്രൈം ബ്രാഞ്ച് സംഘത്തിന് കിട്ടിയ പത്ത് പരാതികളും തേര്‍ഡ് പാര്‍ട്ടികളില്‍ നിന്നാണ്, അതുകൊണ്ട് തന്നെ ആദ്യം പരാതിക്കാരുടെ മൊഴി എടുക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. നിലവില്‍ അന്വേഷണ സംഘത്തിന് ഇത്തരത്തിലുള്ള പരാതികള്‍ വന്നിട്ടില്ല അതിലേക്കെത്തനായുള്ള ശ്രമവും അന്വേഷവുമാണ് നടക്കുന്നത്.
Content Highlight: Adoor Prakash;Congress A Group supports Rahul Mangkootatil