| Monday, 2nd November 2026, 12:50 pm

അടൂർ പൊലീസ് സ്റ്റേഷൻ വിവാദം: പൊലീസിന് വീഴ്ച പറ്റിയിട്ടില്ല; റിപ്പോർട്ട് വന്ന ശേഷം തുടർനടപടിയെന്ന് രമേശ് ചെന്നിത്തല

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: അടൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

സംഭവത്തിൽ പൊലീസിന് ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അന്ന് തന്നെ കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങൾ അന്വേഷിക്കാൻ ഡി.ജി.പിയോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജൂലൈയിൽ നടന്ന പഴയൊരു സംഭവമാണിതെന്നും നിരവധി പേർക്കെതിരെ ഇതിനകം കേസ് എടുക്കുകയും ഒന്നോ രണ്ടോ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും കൂടുതൽ പേരെ പ്രതിചേർക്കുന്ന കാര്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടൂർ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങൾ ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തിൽ തടവുകാരനെ കാണാനും മർദ്ദിക്കാനും ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അവസരമൊരുക്കി എന്ന ഗുരുതര ആരോപണമാണ് ഉയർന്നിട്ടുള്ളത്. ജയിലിൽ കിടക്കുന്ന ആളുമായി സംസാരിക്കാൻ ഇവർക്ക് പ്രത്യേക സൗകര്യം ഒരുക്കിക്കൊടുത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിൽ ആഭ്യന്തര മന്ത്രി ഉറച്ചുനിൽക്കുമ്പോൾ, സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസവും വിമർശനവുമാണ് ഉയരുന്നത്. കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണോ അതോ ശ്രീനാദേവി കുഞ്ഞമ്മയാണോ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു.

Content Highlight:Adoor Police Station controversy: No lapse on the part of the police; further action to be taken after the report is received, says Ramesh Chennithala.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more