| Tuesday, 5th August 2025, 8:10 pm

അടൂര്‍ സാഹിത്യോത്സവം; വിട്ടുനില്‍ക്കുമെന്ന് ടി.എസ്. ശ്യാം കുമാറും ധന്യ രാമനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന ‘അടൂര്‍ സാഹിത്യോത്സവ’ത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരായ ഡോ. ടി. എസ്. ശ്യാം കുമാറും ധന്യ രാമനും. തന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തിയ അടൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വിട്ടു നില്‍ക്കുന്നുവെന്ന് ടി.എസ്. ശ്യാം കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ താന്‍ ക്ഷണിക്കപ്പെട്ടിരുന്നു. പ്രസ്തുത സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നത് അടൂര്‍ ഗോപാലകൃഷ്ണനാണ്. അതുകൊണ്ടുതന്നെ താന്‍ വിട്ടുനില്‍ക്കുകയാണെന്നാണ് ടി.എസ്. ശ്യാം കുമാര്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

അടൂര്‍ സാഹിത്യോത്സവത്തില്‍ തനിക്കും ക്ഷണം ലഭിച്ചിരുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടകന്‍ ആയതുകൊണ്ടുതന്നെ ഈ പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്നും അതില്‍ നിന്നും വിട്ടു നില്‍ക്കുമെന്നുമാണ് ധന്യ രാമന്‍ അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ധന്യ ഇക്കാര്യം പറഞ്ഞത്.

ഫിലിം കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. പുതുമുഖങ്ങളായ സ്ത്രീകള്‍ക്കും ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും സിനിമ നിര്‍മിക്കുന്നതിനുള്ള സഹായമായി സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരായ അടൂരിന്റെ പ്രസ്താവനക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

അടൂരിന്റെ പ്രസ്താവനയെ അതേ വേദിയില്‍ വെച്ചുതന്നെ മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചിരുന്നു. ഗായികയും കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്സണുമായ പുഷ്പവതി പൊയ്പ്പാടത്തും വേദിയില്‍ വെച്ചുതന്നെ അടൂരിനെ വിമര്‍ശിച്ചു. മാളവിക ബിന്നി, രമേശ് ചെന്നിത്തല തുടങ്ങിയവരും അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

വിഷയത്തില്‍ വിശദീകരണവുമായി അടൂരും രംഗത്തെത്തിയിരുന്നു. മിണ്ടിയാല്‍ വിവാദമുണ്ടാകുന്ന കാലമാണിതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവന്‍ സിനിമക്ക് വേണ്ടി മാറ്റിവെച്ച ഒരാളാണ് താനെന്നും പുതിയ ആളുകള്‍ സിനിമയെ സമീപിക്കുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥ കുറവാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും പുതിയ ആളുകള്‍ക്ക് പരിശീലനം നല്കണമെന്ന് മാത്രമേ താന്‍ ഉദ്ദേശിച്ചുള്ളൂവെന്നും സംവിധായകന്‍ പറഞ്ഞു.

Content Highlight: Adoor Literary Festival; T.S. Shyam Kumar and Dhanya Raman say they will abstain

We use cookies to give you the best possible experience. Learn more