32 വര്‍ഷത്തിന് ശേഷം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒന്നിക്കുന്നെന്ന വാര്‍ത്ത സിനിമാപേജുകളില്‍ ചര്‍ച്ചയായി മാറി. കൊവിഡിന് ശേഷമുള്ള സ്‌ക്രിപ്റ്റ് സെലക്ഷനില്‍ എല്ലായ്‌പ്പോഴും ഞെട്ടിക്കുന്ന മമ്മൂട്ടി മൂന്ന് പതിറ്റാണ്ടിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണനുമായി ഒന്നിക്കുന്ന വാര്‍ത്ത വലിയ സര്‍പ്രൈസായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. പദയാത്ര എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടയില്‍ പുറത്തിറങ്ങിയ ഏറ്റവും സിമ്പിളായിട്ടുള്ള ടൈറ്റിലാണ് ഇത്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പോലും പുതുമ സമ്മാനിച്ച ഒന്നായിരുന്നു.
പദയാത്ര: Photo: Mammootty Kampany/ Facebook
പഴയകാല സിനിമാ നോട്ടീസുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ‘നാളെ രാവിലെ 10.30ന് ചലച്ചിത്ര ശീര്‍ഷക പ്രകാശനം’ എന്നായിരുന്നു അനൗണ്‍സ്‌മെന്റിലുണ്ടായിരുന്നത്. സിമ്പിളായിട്ടുള്ള പോണ്ടില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ പുറത്തുവിട്ട ടൈറ്റില്‍ പോസ്റ്ററാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. വരുംദിവസങ്ങളില്‍ പദയാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയാകും ചിത്രത്തിലെ നായികയെന്ന് റൂമറുകളുണ്ടെങ്കിലും ഒന്നും സ്ഥിരീകരിക്കാനായിട്ടില്ല. കുറച്ചുകാലമായി മലയാളത്തില്‍ സജീവമല്ലാതിരിക്കുന്ന അനു സിത്താരയും പദയാത്രയുടെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തകഴിയുടെ വിഖ്യാത നോവലായ രണ്ടിടങ്ങഴിയുടെ ചലച്ചിത്ര ഭാഷ്യമായിരിക്കും ഈ പ്രൊജക്ടെന്നും അഭ്യൂഹമുയരുന്നു.
ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ച ക്വാളിറ്റിയുള്ളതാക്കാന്‍ സാധിച്ച പ്രൊഡക്ഷന്‍ ഹൗസാണ് മമ്മൂട്ടിക്കമ്പനി. മറ്റ് നിര്‍മാതാക്കള്‍ ഏറ്റെടുക്കാന്‍ മടിക്കുന്ന പ്രൊജക്ടുകളാണ് പലപ്പോഴും മമ്മൂട്ടിക്കമ്പനി നിര്‍മിക്കാറുള്ളത്. ഒരേ സമയം മാസ് സിനിമകളും കണ്ടന്റിന് പ്രാധാന്യമുള്ള സിനിമകളും മുന്നോട്ട് കൊണ്ടുപോകുന്ന മമ്മൂട്ടിയുടെ പ്ലാനിലെ പുതിയ എന്‍ട്രിയാണ് പദയാത്ര.
27 ദിവസത്തെ ഡേറ്റാണ് ഈ ചിത്രത്തിന്റേത്. മമ്മൂട്ടിയുടെ മുന്‍ സിനിമകളെപ്പോലെ സിങ്ക് സൗണ്ട് തന്നെയാകും പദയാത്രയിലും. മികച്ച നടനുള്ള അവാര്‍ഡ് രണ്ടുവട്ടം മമ്മൂട്ടിക്ക് നല്‍കിയ അടൂരിനൊപ്പം വീണ്ടും കൈകോര്‍ക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ഫെബ്രുവരി പകുതിയോടെ പദയാത്രയുടെ ഷൂട്ട് അവസാനിക്കും. തുടര്‍ന്ന് നിതീഷ് സഹദേവിന്റെ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. മാസും ക്ലാസും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന മമ്മൂട്ടി ഇനിയും ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Adoor Gopalakrishnan Mammootty movie titled as Padayathra