തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവിലെ ദളിത്-സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ സംവിധയകാന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വീണ്ടും പരാതി. കേരള പുലയ മഹാസഭയാണ് പരാതി നല്‍കിയത്. കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി ആലംകോട് സുരേന്ദ്രന്റേതാണ് പരാതി.
സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഫിലിം കോണ്‍ക്ലേവിലാണ് അടൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. സിനിമ നിര്‍മിക്കുന്നതിനായി പുതുമുഖങ്ങളായ സ്ത്രീകള്‍ക്കും ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന സഹായം വെട്ടിക്കുറയ്ക്കണമെന്നാണ് അടൂര്‍ പറഞ്ഞത്.
മൂന്ന് മാസത്തെ ഇന്റന്‍സീവ് പരിശീലനം നല്‍കിയതിന് ശേഷം മാത്രമായിരിക്കണം സഹായം നല്‍കേണ്ടതെന്നും പുതുമുഖങ്ങള്‍ക്ക് അനുവദിക്കുന്ന ഒന്നരകോടി 50 ലക്ഷമായി കുറയ്ക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് കെ.പി.എം.എസ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. അടൂരിനെതിരായ പരാതി ഡി.ജി.പിക്കാണ് കെ.പി.എം.എസ് കൈമാറിയിരുന്നത്. നേരത്തെ തിരുവനന്തപുരത്ത് അടൂരിന്റെ കോലം കത്തിച്ച് ഉള്‍പ്പെടെ കെ.പി.എം.എസ് പ്രതിഷേധിച്ചിരുന്നു.
അതേസമയം ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അടൂര്‍ ജാതി അധിക്ഷേപമോ വ്യക്തി അധിക്ഷേപമോ നടത്തിയിട്ടില്ലെന്നാണ് നിയോമോപദേശത്തില്‍ പറയുന്നത്. ഒരു നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് സംവിധായകന്‍ ചെയ്തിരിക്കുന്നതെന്നുമാണ് നിരീക്ഷണം.
നിലവില്‍ കെ.പി.എം.എസ്, ദളിത് ചിന്തകന്‍ ദിനു വെയില്‍ എന്നിവര്‍ക്ക് പുറമെ സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മകളായ ഡബ്ല്യു.സി.സി, ദിശ, അന്വേഷി, വിങ്സ്, നിസ, പെണ്‍കൂട്ട് എന്നീ സംഘടനകളും അടൂരിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഗായികയും സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ പുഷ്പവതി പൊയ്പാടത്തിനെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനാണ് സംഘടനകള്‍ പരാതി നല്‍കിയിരിക്കുന്നത്.
ഫിലിം കോണ്‍ക്ലേവിലെ പരാമര്‍ശത്തില്‍ വേദിയില്‍ വെച്ച് തന്നെ പുഷ്പവതി അടൂരിനെതിരെ പ്രതിഷേധിച്ചിരുന്നു. പിന്നാലെ ഈ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ പുഷ്പവതിയെ അധിക്ഷേപിക്കുകയായിരുന്നു.
പുഷ്പവതി ആരാണെന്ന് അറിയില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് അവര്‍ സംസാരിച്ചതെന്നും അതും താന്‍ സംസാരിക്കുന്നതിനിടയ്ക്ക് കയറി സംസാരിക്കാന്‍ പുഷ്പവതി ആരാണെന്നുമാണ് അടൂര്‍ പ്രതികരിച്ചത്. ഇതിനുപിന്നാലെ പുഷ്പവതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അടൂരിനെ വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.
Content Highlight: KPMS and WCC have filed a complaint against Adoor Gopalakrishnan