| Tuesday, 5th August 2025, 10:25 pm

അടൂരിന്റെ ദളിത്-സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹം; പ്രസ്താവന പിന്‍വലിക്കണം: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിലും അതിനെ തുടര്‍ന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ ദളിത്-സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ.

അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള പ്രതിഭാധനനും സാമൂഹ്യ അംഗീകാരവുമുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഉണ്ടായിരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദളിത്-സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് വേണ്ടി നയങ്ങള്‍ സ്വീകരിക്കുകയും അതിനുവേണ്ട നടപടികളെടുക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രതിജ്ഞാബദ്ധമായ നിലപാടിന് വിരുദ്ധമായ പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ കോണ്‍ക്ലേവില്‍ നടത്തിയതെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

കോണ്‍ക്ലേവിന് ശേഷം അടൂര്‍ ആവര്‍ത്തിച്ച പരാമര്‍ശങ്ങളും ഇടത് സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

ജാതി-മത-പുരുഷാധിപത്യ ചിന്തകളെ ജനാധിപത്യത്തിന്റെയും സാമൂഹ്യ മുന്നേറ്റത്തിന്റെയും വഴിയിലൂടെ പ്രതിരോധിച്ച കേരളത്തെ പിറകോട്ട് നയിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ്ങിന് ശേഷമായിരിക്കണം പുതുമുഖങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ഒന്നരകോടിയുടെ സഹായം 50 ലക്ഷമായി വെട്ടിക്കുറയ്ക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ വേദിയില്‍ നിന്ന് തന്നെ അടൂരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഗായികയും സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ പുഷ്പവതി പൊയ്പ്പാടത്ത്, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ അടൂരിനെതിരെ പ്രതിഷേധവും മറുപടിയുമായി രംഗത്തെത്തുകയായിരുന്നു.

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി സര്‍ക്കാര്‍ കാണുന്നില്ലെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ഏറ്റവും നല്ല സിനിമ തെരഞ്ഞെടുത്താല്‍, ആ സിനിമക്കെങ്കിലും നല്ല പ്രോത്സാഹനം നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ഗ്രാന്റോ സബ്‌സിഡിയോ കൊടുക്കുക എന്ന നിലപാട് നമുക്ക് സ്വീകരിക്കാന്‍ കഴിയണം. കൂടുതല്‍ സഹായം കൊടുക്കേണ്ടി വന്നാല്‍ അതും കൊടുക്കണം. അതൊന്നും ഒരു നഷ്ടമായി താന്‍ കരുതുന്നില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.

പിന്നീട് മന്ത്രി ആര്‍. ബിന്ദു, കോണ്‍ഗ്രസ് എം.എല്‍.എ രമേശ് ചെന്നിത്തല, സാമൂഹിക ചിന്തകരായ ടി.എസ്. ശ്യാംകുമാര്‍, മാളവിക ബിന്നി എന്നിവരും രംഗത്തെത്തിയിരുന്നു. നിലവില്‍, ഫിലിം കോണ്‍ക്ലേവിന്റെ വേദിയില്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചതിന്റെ പേരില്‍ അടൂരിന്റെ അധിക്ഷേപം നേരിട്ട ഗായിക പുഷ്പവതി പൊയ്പാടത്തിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.

Content Highlight: Adoor’s anti-Dalit and anti-women remarks are protestable; statement should be withdrawn: DYFI

We use cookies to give you the best possible experience. Learn more