| Sunday, 3rd August 2025, 6:00 pm

പരിശീലനമില്ലാതെ സിനിമയെടുത്താല്‍ ആ പണം നഷ്ടപ്പെടും; സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ ഫണ്ടിനെതിരെ അടൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ഫണ്ടിനെതിരെയാണ് അടൂരിന്റെ പ്രസ്താവന.

വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ ചെയ്താല്‍ പുതുമുഖങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് നഷ്ടമാകുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിനിമ എങ്ങനെയാണ് നിര്‍മിക്കുന്നത് എന്നതില്‍ ഇവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ ഇന്റന്‍സീവ് പരിശീലനമെങ്കിലും നല്‍കണമെന്നും അടൂര്‍ സദസില്‍ പറയുകയുണ്ടായി.

ഒരാള്‍ സിനിമയെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് വരുമ്പോള്‍ തന്നെ ‘പോയി സിനിമയെടുത്തോ’ എന്ന് പറയുന്നതല്ല പ്രോത്സാഹനം. നിലവില്‍ പുതുമുഖങ്ങള്‍ക്ക് നല്‍കിവരുന്ന ഒന്നരക്കോടി 50 ലക്ഷമായി കുറയ്ക്കണമെന്നും ഈ തുക വാണിജ്യ സിനിമക്ക് വേണ്ടിയല്ല വിനിയോഗിക്കേണ്ടതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നല്ല സിനിമയെടുക്കാന്‍ വേണ്ടിയാണ് ഈ പണം ഉപയോഗപ്പെടുത്തേണ്ടത്. അത് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ നല്‍കുന്നത് നികുതി പണമാണെന്ന് അവരെ പറഞ്ഞ് മനസിലാക്കിക്കണം. സൂപ്പര്‍ സ്റ്റാറുകളെ വെച്ച് സിനിമയുണ്ടാക്കാനല്ല സര്‍ക്കാര്‍ സഹായിക്കേണ്ടതെന്നും അടൂര്‍ പറഞ്ഞു. ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം സിനിമ എടുക്കാന്‍ സര്‍ക്കാര്‍ പണം കൊടുക്കരുതെന്നും അടൂര്‍ പരാമര്‍ശിച്ചു.

ഇതിനുപിന്നാലെ അടൂരിന്റെ പ്രസ്താവനക്കെതിരെ വേദിയില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നു. ഗായികയും കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ പുഷ്പവതി പൊയ്പ്പാടത്ത്, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുമാണ് അടൂരിനെതിരെ രംഗത്തെത്തിയത്. താന്‍ വ്യവസായ സിനിമയുടെ ആളാണെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാരന്‍ തമ്പി അടൂരിന് മറുപടി നല്‍കിയത്.

അതേസമയം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തിനെതിരെയും അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചു. കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തേണ്ട തരത്തിലേക്ക് 90 ശതമാനവും മാറിയിട്ടുണ്ട്.

ഈയൊരു മാറ്റത്തിലേക്ക് എത്തിയപ്പോഴാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വളരെ വൃത്തികെട്ട സമരം നടന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഡിസിപ്ലിന്‍ ഏര്‍പ്പെടുത്തിയതിനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ശങ്കര്‍ മോഹനെതിരെ സമരം നടത്തിയതെന്നും അടൂര്‍ കുറ്റപ്പെടുത്തി.

Content Highlight: Adoor Gopalakrishnan makes controversial remarks at the closing ceremony of the Film Conclave

We use cookies to give you the best possible experience. Learn more