| Monday, 4th August 2025, 1:07 pm

സിനിമയെടുക്കാന്‍ പരിശീലനം വേണമെന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ, അറിവുകേട് കൊണ്ടാണ് അസ്വസ്ഥരാകുന്നത്: അടൂര്‍ ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചലച്ചിത്ര കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. മിണ്ടിയാല്‍ വിവാദമുണ്ടാകുന്ന കാലമാണിതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവിതകാലം മുഴുവന്‍ സിനിമക്ക് വേണ്ടി മാറ്റിവെച്ച ഒരാളാണ് താനെന്നും പുതിയ ആളുകള്‍ സിനിമയെ സമീപിക്കുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥ കുറവാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും പുതിയ ആളുകള്‍ക്ക് പരിശീലനം നല്കണമെന്ന് മാത്രമേ താന്‍ ഉദ്ദേശിച്ചുള്ളൂവെന്നും സംവിധായകന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

’60 വര്‍ഷത്തെ അനുഭവസമ്പത്ത് എനിക്കുണ്ട്. സിനിമ എന്നത് എല്ലാദിവസവും മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതില്‍ കൃത്യമായ പഠനവും പരിശീലനവും വേണം. അതില്ലാതെ സിനിമയെ സമീപിക്കുന്നവര്‍ ആദ്യത്തെ സിനിമക്ക് ശേഷം അപ്രത്യക്ഷരാവുകയാണ്. അത് ഇന്‍ഡസ്ട്രിക്കും ഇത്തരമൊരു പദ്ധതിക്കും നല്ല സൂചനയല്ല.

ഗവണ്മെന്റിന്റെ ഗ്രാന്‍ഡ് ഉപയോഗിച്ച് സിനിമ എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ ഓറിയന്റേഷനെങ്കിലും നല്‍കണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. മുന്‍ പരിചയമുള്ളവര്‍ക്ക് പരിഗണന നല്‍കുക, അല്ലെങ്കില്‍ അത് ഇല്ലാത്തവര്‍ക്ക് പരിശീലനം നല്‍കുക എന്നാണ് ഞാന്‍ പറഞ്ഞത്. അധിക്ഷേപകരമായ പരാമര്‍ശം ഞാന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താന്‍ ഞാന്‍ തയാറാണ്.

ഈ പ്രശ്‌നത്തില്‍ പ്രതിഷേധിക്കുന്നവരുടെ ഉദ്ദേശം പ്രശസ്തി മാത്രമാണ്. ഇന്നലെ എന്നോട് തര്‍ക്കിച്ച ആ സ്ത്രീ കോണ്‍ക്ലേവില്‍ എങ്ങനെ പങ്കെടുത്തു എന്നത് അതിശയമാണ്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുട്ടിയാണ് അത്. അവര്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍ കാര്യമെന്താണെന്ന് അറിഞ്ഞിട്ട് വേണം പ്രതിഷേധിക്കാന്‍. ഇന്ന് എല്ലാ പത്രത്തിലും അവരുടെ പടമുണ്ടല്ലോ,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

ഒന്നരക്കോടി മുടക്കിയ സിനിമകളെല്ലാം താന്‍ കണ്ടുവെന്നും അതില്‍ അവര്‍ക്കെല്ലാം പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമര്‍ശത്തില്‍ മറുപടി നല്‍കിയ മന്ത്രിക്ക് സിനിമയുടെ ടെക്‌നിക്കല്‍ മേഖലയെക്കുറിച്ച് അറിവില്ലാത്തയാളാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗവണ്മെന്റിന്റെ ഗ്രാന്‍ഡ് ഒരിക്കലും കൊമേഷ്‌സ്യല്‍ സിനിമയെടുക്കാന്‍ വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: Adoor Gopalakrishnan about his statement he said in Film Conclave

We use cookies to give you the best possible experience. Learn more