| Wednesday, 13th May 2026, 12:05 pm

നാഥനില്ലാതെ കേരളം: പത്തു ദിവസമായി ഭരണസ്തംഭനം, പ്രധാന ഫയലുകള്‍ കെട്ടിക്കിടക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ആരെത്തുമെന്ന ചര്‍ച്ചകള്‍ അനിശ്ചിതമായി നീളവേ സംസ്ഥാനത്തെ ഭരണസംവിധാനം പൂര്‍ണ്ണമായും സ്തംഭനാവസ്ഥയില്‍. സെക്രട്ടേറിയറ്റില്‍ സുപ്രധാനമായ പല ഫയലുകളിലും തീരുമാനമെടുക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തെ സര്‍ക്കാരിന്റെ നയങ്ങളും ഇനി വരാനിരിക്കുന്ന പുതിയ സര്‍ക്കാരിന്റെ നയസമീപനങ്ങളും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായും ഉദ്യോഗസ്ഥരെ തീരുമാനമെടുക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.

പഴയ നയമനുസരിച്ച് തീരുമാനമെടുത്താല്‍ അത് പുതിയ ഭരണാധികാരികള്‍ക്ക് താല്‍പ്പര്യമില്ലാത്ത പക്ഷം തങ്ങള്‍ ബലിയാടാകേണ്ടി വരുമോ എന്ന ഭയത്തിലാണ് ഉദ്യോഗസ്ഥര്‍. ഇവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാന്‍ നിലവില്‍ ഭരണതലപ്പത്ത് ആരുമില്ലാത്ത അവസ്ഥയാണ്.

പല വകുപ്പുകളിലും അടിയന്തരമായി പരിഗണിക്കേണ്ട ഫയലുകള്‍ നീങ്ങുന്നില്ല. മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് മരിച്ചവര്‍ക്കുള്ള ധനസഹായത്തിന്റെ കാര്യത്തില്‍ പോലും മുഖ്യമന്ത്രിയുടെ അഭാവം മൂലം തീരുമാനമായിട്ടില്ല.

നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചീഫ് സെക്രട്ടറി അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഇന്നലെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടതൊഴിച്ചാല്‍ ഈ വിഷയത്തില്‍ ഒരു നടപടിയും ഭരണതലത്തില്‍ ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിലച്ചതോടെ സാധാരണക്കാരായ ജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.

ജൂണ്‍ മാസം സ്‌കൂളുകള്‍ തുറക്കാനിരിക്കെ, പൂര്‍ത്തിയാകാത്ത അധ്യാപക പരിശീലനവും സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും പ്രതിസന്ധിയിലാണ്.

അതുപോലെ എസ്.എസ്.എല്‍.സി ഫലം ആര് പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും, ഒടുവില്‍ ഉദ്യോഗസ്ഥര്‍ തന്നെ തീരുമാനമെടുത്ത് മറ്റന്നാള്‍ ഫലം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.

മാത്രമല്ല സെക്രട്ടേറിയറ്റില്‍ പരാതിയുമായി എത്തുന്ന സാധാരണക്കാര്‍ക്ക് മന്ത്രിമാരില്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വൈകുന്നേരം മൂന്നു മണി മുതല്‍ അഞ്ചു മണി വരെയുള്ള സന്ദര്‍ശന സമയത്ത് മന്ത്രിമാരില്ലാത്തതിനാല്‍ ആരുടെ മുന്നില്‍ പരാതി പറയണം എന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

സെക്രട്ടേറിയറ്റിന് മുന്നില്‍ ‘ബൈ ബൈ പിണറായി’ എന്ന ഫ്‌ളെക്‌സുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, പുതിയ മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കാത്തതിനാല്‍ ആരെ സ്വാഗതം ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ജീവനക്കാരുടെ സംഘടനകള്‍.

Content Highlight: Administrative Deadlock in Kerala: No Leadership for 10 Days, Vital Files Left Unattended

We use cookies to give you the best possible experience. Learn more