| Friday, 14th June 2019, 7:25 pm

മേലുദ്യോഗസ്ഥരുടെ ജാതീയ പീഡനം; ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മേലുദ്യോഗസ്ഥരുടെ ജാതീയ പീഡനത്തെ തുടര്‍ന്ന് കണ്ണൂരില്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിവെച്ചു. ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട കെ. രതീഷാണ് രാജിവെച്ചത്.

എസ്.ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് രതീഷ് പീഡന പരാതി ഉന്നയിക്കുന്നത്. മാനസിക പീഡനവും ഭീഷണിയും സഹിച്ച് ഇനി ജോലിയില്‍ തുടരാനാകില്ലെന്ന് രതീഷ് പറയുന്നു.

തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും അവധി ചോദിച്ചാല്‍ തരാത്ത സ്ഥിതിയായിരുന്നുവെന്നും രതീഷ് ആരോപിച്ചു.

ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നല്‍കാന്‍ പോയപ്പോഴും ഭീഷണി തുടര്‍ന്നെന്നും രതീഷ് ആരോപിച്ചു.

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് സി.ഐ നാടുവിട്ടത്തിന് പിനാലെയാണ് സിവില്‍ പൊലീസ് ഓഫീസര്‍ രാജിവെച്ച വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. സി.ഐ നവാസ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്നാണെന്ന് ഭാര്യ വെളിപ്പെടുത്തിയിരുന്നു.

എ.സി.പി വ്യക്തിപരമായി അധിക്ഷേപിച്ചെന്നും കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചെന്നും ഇതേ തുടര്‍ന്ന് അദ്ദേഹം കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും ഭാര്യ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും വയര്‍ലെസ് റെക്കോര്‍ഡ് പരിശോധിക്കണമെന്നും മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more