| Wednesday, 18th November 2026, 11:38 pm

ഒവൈസിയും ആസാദും എസ്.പിയുടെയും കോണ്‍ഗ്രസിന്റെയും ബി ടീമെന്ന് ആദിത്യനാഥ്

റെന്വര്‍ പി

ലഖ്നൗ: അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും ചേര്‍ന്ന് രൂപീകരിച്ച സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച എന്ന സഖ്യം സമാജ്വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ഒരു ബി ടീം ആണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ രണ്ട് നേതാക്കളെയും ഒന്നിപ്പിച്ചതെന്നും ആദിത്യനാഥ് ആരോപിച്ചു.

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോള്‍, ബിജെപിയെയും മറ്റ് പാര്‍ട്ടികളെയും തകര്‍ക്കാന്‍ സമാജ് വാദി പാര്‍ട്ടി തങ്ങളുടെ ബി ടീം വഴി ഈ രണ്ട് നേതാക്കളെയും രംഗത്തിറക്കിയിരിക്കുകയാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആരോപിക്കുന്നു. ലഖ്നൗവില്‍ നടന്ന ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മിറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

‘സമാജ്വാദി പാര്‍ട്ടി ഇപ്പോള്‍ ഒരേസമയം രണ്ട് വള്ളങ്ങളില്‍ കാലുവെച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കുകയാണ്. രണ്ട് വള്ളങ്ങളില്‍ കാലുവെച്ചാല്‍ ഒടുവില്‍ മുങ്ങിപ്പോകുമെന്ന് നമുക്കറിയാം. ഈ സാധ്യത മുന്നില്‍ കണ്ടുകൊണ്ട്, ഇവിടെ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ ഹൈദരാബാദിലെ മൗലാനയെയും ചന്ദ്രശേഖറിനെയും ഒന്നിപ്പിച്ചിരിക്കുകയാണ്,’ യോഗി പറഞ്ഞു.

ഒവൈസിയെ ‘ഹൈദരാബാദിലെ മൗലാന,’ എന്നാണ് ആദിത്യനാഥ് വിശേിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമ്പോള്‍, ഹൈദരാബാദ് ഭാഗ്യ ലക്ഷ്മി പുരം ആയി മാറുമെന്നും ഒവൈസിയെ പരിസഹസിച്ച് യോഗി പറഞ്ഞു. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റണമെന്ന സംഘപരിവാര്‍ പ്രചാരണത്തെ ഓര്‍മിപ്പിക്കുന്നതാണ് ഭാഗ്യ ലക്ഷ്മി പുരം എന്ന പേര്.

ഈ മാസം 12നാണ് എ.ഐ.എം.ഐ.എമ്മും ആസാദ് സമാജ് പാര്‍ട്ടിയും അടങ്ങുന്ന പുതിയ രാഷ്ട്രീയ സഖ്യം ചന്ദ്രശേഖര്‍ ആസാദും അസദുദ്ദീന്‍ ഒവൈസിയും പ്രഖ്യാപിച്ചത്. മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആസാദിനെ പിന്തുണക്കുന്നതായി ഒവൈസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ചന്ദ്രശേഖര്‍ ആസാദ് സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ചയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുമെന്നും ഒവൈസി അറിയിച്ചിരുന്നു. അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതിനായാണ് ഈ പുതിയ കൂട്ടായ്മ രൂപീകരിച്ചതെന്ന് ചന്ദ്രശേഖര്‍ ആസാദും അന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

2027ല്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള 403 മണ്ഡലങ്ങളിലും മുന്നണി ഒരുമിച്ച് മത്സരിക്കും. സീറ്റുകളുടെ കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും ആസാദ് പറഞ്ഞിരുന്നു.

യു.പിയില്‍ ബി.ജെ.പി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരുന്നത് തടയാന്‍ എ.ഐ.എം.ഐ.എമ്മും ആസാദിന്റെ പാര്‍ട്ടിയും തമ്മിലുള്ള സഖ്യം ലക്ഷ്യമിടുന്നതായി ഒവൈസിയും വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയെ തടയുന്ന ശക്തമായ ബദലായിരിക്കും പുതിയ മുന്നണിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Adityanath calls Owaisi-Chandrashekhar alliance SP-Congress’ ‘B team’

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more