2026 ഐ.പി.എല്‍ ആവേശത്തിന് ശേഷം മുംബൈ ടി-20 ലീഗിന് തുടക്കമായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സോബോ മുംബൈ ഫാല്‍ക്കണ്‍സും എ.ആര്‍.സി.എസ് അന്ധേരിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കണ്‍സ് 18.2 ഓവറില്‍ പുറത്തായി. ഫാല്‍ക്കണ്‍സ് നിരയില്‍ തിളങ്ങിയത് ആദിത്യ താരെയായിരുന്നു.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അടക്കം നിരാശപ്പെടുത്തിയ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് താരെ തിളങ്ങിയത്. 39 പന്തില്‍ 59 റണ്‍സാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. മത്സരത്തില്‍ താരെയുടെ ഒറ്റയാള്‍ പ്രകടനം മാത്രമാണ് ഫാല്‍ക്കണ്‍സ് നിരയില്‍ എടുത്തു പറയാനുള്ളത്.
മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ മനസില്‍ ഇപ്പോഴും വലിയ സ്ഥാനമുള്ള പേരാണ് ആദിത്യ താരെ. 2014 ഐ.പി.എല്ലിലെ ഏറ്റവും മികച്ച ചെയ്സിങ്ങുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പേരാണ് ആദിത്യ താരെ. ആ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റെക്കോഡ് ചെയ്‌സിങ് നടത്തിയായിരുന്നു മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലേക്ക് കടന്നത്.
മുംബൈ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 189 റണ്‍സ് 14.4 ഓവറില്‍ ആയിരുന്നു മുംബൈ മറികടന്നിരുന്നത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരങ്ങളായ സഞ്ജു സാംസണിന്റെയും കരുണ്‍ നായരുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ ഉയര്‍ത്തിയത്.
എന്നാല്‍ കോറി ആന്‍ഡേഴ്‌സണിലൂടെയായിരുന്നു മുംബൈയുടെ മറുപടി. 44 പന്തില്‍ പുറത്താവാതെ 95 റണ്‍സ് നേടിയാണ് ആന്‍ഡേഴ്‌സണ്‍ തിളങ്ങിയത്. 14.3 ഓവറില്‍ എന്ന നിലയില്‍ മത്സരം നില്‍ക്കെ മുംബൈക്ക് അടുത്ത പന്തില്‍ ഒരു ബൗണ്ടറി നേടിയാല്‍ മാത്രമായിരുന്നു പ്ലേ യോഗ്യത ഉണ്ടായിരുന്നുള്ളൂ.
നിര്‍ണായകമായ ഈ പന്ത് നേരിട്ടത് താരെയായിരുന്നു. ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് ഫോക്‌നര്‍ എറിഞ്ഞ പന്ത് വാംഖഡെയുടെ ഗാലറിയിലേക്ക് അതിര്‍ത്തി കണ്ടെത്തി മുംബൈക്ക് ചരിത്രവിജയം സമ്മാനിക്കുകയായിരുന്നു താരെ.
ആദിത്യ താരെ
ആ സീസണില്‍ എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ട് മുംബൈ പുറത്തായെങ്കിലും അവസാനം നിമിഷം വിജയിച്ചു പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ മുംബൈയുടെ പോരാട്ടവീര്യം ഇന്നും ആരാധകരുടെ മനസ്സില്‍ ആവേശം ഉണര്‍ത്തുന്നതാണ്. ഇപ്പോള്‍ നീണ്ട 12 വര്‍ഷങ്ങള്‍ക്കിപ്പുറം വാംഖഡെയുടെ മണ്ണില്‍ മറ്റൊരു ഒറ്റയാള്‍ പോരാട്ടവും കൂടി നടത്തി ശ്രദ്ധേ നേടിയിരിക്കുകയാണ് താരെ.
Content Highlight: Aditya Tare great performance in Mumbai T20 league 2026