| Thursday, 6th November 2025, 1:33 pm

'ആജ് കി രാത്തിനെ' സ്നേഹിച്ച പ്രേക്ഷകര്‍ തന്നെയല്ലേ, ഇപ്പോള്‍ എന്താണ് പ്രശ്‌നം; ഥാമയിലെ ഐറ്റം സോങ്ങിനെ പിന്തുണച്ച് സംവിധായകന്‍ ആദിത്യ സര്‍പോത്ദാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആയുഷ്മാന്‍ ഖുറാനയും രശ്മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തിയ ഥാമ ആഗോളതലത്തില്‍ 125 കോടി കടന്നെങ്കിലും ഐറ്റം ഗാനങ്ങളുടെ പേരില്‍ ചിത്രം വീണ്ടും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ്. മൂന്ന് ഐറ്റം നമ്പറുകളാണ് സിനിമയിലുള്ളത്.

ഇന്ത്യന്‍ സിനിമയിലെ മികച്ച സിനിമാറ്റിക് യൂണിവേഴ്സാണ് ബോളിവുഡിലെ മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്സ്. 2018ല്‍ സ്ത്രീ എന്ന ചിത്രത്തിലൂടെ ആരംഭിച്ച യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് ഥാമ. വന്‍ ബജറ്റിലെത്തിയ ഥാമ സംവിധാനം ചെയ്തത് ആദിത്യ സര്‍പോത്ദാര്‍ ആണ്.

ഇപ്പോള്‍ ചിത്രത്തില്‍ മൂന്ന് ഐറ്റം ഗാനങ്ങള്‍ ഉണ്ടെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ആദിത്യ സര്‍പോത്ദര്‍. തന്റെ മുമ്പുള്ള ചിത്രങ്ങള്‍ കണ്ട അതേ പ്രേക്ഷകര്‍ തന്നെയാണ് ഈ സിനിമയും കാണുന്നതെന്നും അതാര്‍ക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

‘ഉദാഹരണത്തിന് മുഞ്ജ്യ എന്ന ചിത്രത്തിലെ താരസ് വന്‍ ഹിറ്റായി മാറി. ‘ആജ് കി രാത്തിനെ’ സ്‌നേഹിച്ച അതേ പ്രേക്ഷകര്‍ തന്നെയല്ലേ? അവിടെ ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍, വീണ്ടും അങ്ങനെ പാട്ടുകള്‍ വരുമ്പോള്‍ അത് ഒരു പ്രശ്നമാകുന്നത് എന്താണ്. ശരി, നിങ്ങള്‍ക്ക് ഒരു അഭിപ്രായം ഉണ്ടായിരിക്കാം. പക്ഷേ ഞാന്‍ എന്റെ സ്വന്തം രീതിയിലാണ് സിനിമ എടുക്കുന്നത്.

ഥാമയുടെ വാമ്പയര്‍ ലോകം സ്വാഭാവികമായും കൂടുതല്‍ ആര്‍ഭാടങ്ങള്‍ ആവശ്യപ്പെടുന്നതായി എനിക്ക് തോന്നി. ഇതെല്ലാം നിങ്ങളെ ഒരു സിനിമയിലേക്ക് നയിക്കുന്ന മാര്‍ക്കറ്റിങ് ആസ്തികളാണ്. സിനിമ അവസാനം നിങ്ങള്‍ക്ക് എന്ത് നല്‍കുന്നു എന്നതാണ് പ്രധാനം,’ ആദിത്യ സര്‍പോത്ദാര്‍ പറയുന്നു.

ആളുകള്‍ സിനിമ കാണുന്നതിന് മുമ്പ് വിധിക്കാറുണ്ടെങ്കിലും അവര്‍ എന്തായാലും സിനിമ കാണാന്‍ വന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാഡോക് ഹൊറര്‍ യൂണിവേഴ്സിലെ ആദ്യ പ്രണയകഥ എന്ന ലേബലിലാണ് ഥാമ പ്രദര്‍ശനത്തിനെത്തുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയുടെ കഥാപാത്രത്തിന്റെ ആക്രമണത്തിന് ശേഷം വെയിലേല്ക്കാന്‍ പാടില്ലാത്ത വാമ്പയറായി ആയുഷ്മാന്റെ കഥാപാത്രം മാറുന്നതാണ് ഥാമയുടെ കഥ.

Content highlight:  Aditya  sarpotdar is responding to criticism that the film has three item songs

We use cookies to give you the best possible experience. Learn more