| Monday, 29th June 2026, 11:46 am

മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കണം, ബാലനില്‍ എല്ലാ സീനുകളും സിമ്പിളായിരുന്നു: ആദിശേഷന്‍

അമര്‍നാഥ് എം.

ബാലന്‍ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങളിലൊരാളാണ് ആദിശേഷന്‍ അവതരിപ്പിച്ച ബാലന്‍. അഭിനയിച്ച ആദ്യസിനിമയില്‍ തന്നെ ടൈറ്റില്‍ റോള്‍ ചെയ്ത ആദിശേഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പകുതിമുക്കാല്‍ നേരത്തോളം സിനിമയെ താങ്ങിനിര്‍ത്തുക എന്ന ഉത്തരവാദിത്തം ആദിശേഷന്‍ ഭംഗിയായി പൂര്‍ത്തിയാക്കി.

പല നാടുകളില്‍ പല പേരുകളില്‍ ജീവിക്കുന്നതിനിടെ സ്വന്തമായൊരു പേരോ വ്യക്തിത്വമോ ഇല്ലെന്ന് തിരിച്ചറിയുന്ന രംഗങ്ങളെല്ലാം ആദിശേഷന്‍ ഗംഭീരമായി പകര്‍ന്നാടിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ആദിശേഷന്‍. സെറ്റില്‍ എല്ലാവരും നല്ല പെരുമാറ്റമായിരുന്നെന്ന് ആദിശേഷന്‍ പറഞ്ഞു. ഗണപതിയും ചിദംബരവുമെല്ലാം കറക്ടായി പറഞ്ഞ് തരുമായിരുന്നെന്നും ആദിശേഷന്‍ പറയുന്നു.

ആദിശേഷന്‍ Photo: Screen grab/ Cue Stuido

ടൊവിനോയുമായുള്ള സീനുകള്‍ കുറവായിരുന്നെന്നും എന്നാല്‍ ഒപ്പമുള്ള സീനുകള്‍ നല്ല രീതിയില്‍ ചെയ്‌തെന്നും ആദി കൂട്ടിച്ചേര്‍ത്തു. പ്രിവ്യൂ ഷോ കഴിഞ്ഞപ്പോള്‍ എല്ലാ താരങ്ങളും നല്ലതാണ് പറഞ്ഞതെന്നും ആദി പറയുന്നു. ബാലനിലെ അല്ലാതെ മറ്റേതെങ്കിലും നടന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോടും ആദി മറുപടി നല്‍കി. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ആദിശേഷന്‍.

‘മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഷൂട്ടിന്റെ സമയത്ത് എല്ലാവരും നല്ല കമ്പനിയായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ടൊവി അങ്കിള്‍ ഒരു വലിയ ബോക്‌സ് നിറയെ ചോക്ലേറ്റ് തന്നിരുന്നു. അതുപോലെ ഷൂട്ട് കഴിഞ്ഞ സമയത്ത് ഒരു മാലയും ഗിഫ്റ്റ് തന്നിരുന്നു. ചിദു അങ്കിള്‍ ഒരു സൈക്കിളും തന്നു.

പടത്തില്‍ എല്ലാ സീനും എനിക്ക് സിമ്പിളായിരുന്നു. ഒരു സീന്‍ പോലും പ്രയാസമുണ്ടായിരുന്നില്ല. എല്ലാ സീനും എങ്ങനെ ചെയ്യണമെന്ന് പറയാന്‍ ചിദുവങ്കിളും ഗണുവങ്കിളും ഉണ്ടായിരുന്നു. പിന്നെ എന്നെ സഹായിക്കാന്‍ വേണ്ടി വേറൊരു ബാലനും കൂടി അവിടെ ഉണ്ടായിരുന്നു. ബിനു ബാലന്‍ എന്നാണ് ആ ചേട്ടന്റെ പേര്,’ ആദിശേഷന്‍ പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പുതുമുഖങ്ങളായ ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍ തുടങ്ങിയവരാണ് ബാലനിലെ പ്രധാന താരങ്ങള്‍. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കുതിക്കുമ്പോഴും മികച്ച സ്വീകരണമാണ് ബാലന് ലഭിക്കുന്നത്.

Content Highlight: Adiseshan saying he wish to work with Mohanlal and Mammootty

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more