| Wednesday, 4th March 2026, 7:39 am

ഇന്ത്യയെ നേരിടാനെത്തുന്നത് ലോകത്താര്‍ക്കുമില്ലാത്ത റെക്കോഡുമായി; ഇനി ഈ നേട്ടം പിറക്കാന്‍ മൂന്നാമന്‍ എറിഞ്ഞുതീര്‍ക്കേണ്ടത് 42 ഓവറുകള്‍!

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ സെമി ഫൈനല്‍ ആവേശം ഉയരുകയാണ്. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് 1ലെ ഒന്നാം സ്ഥാനക്കാരായ സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് 2ലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍, നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് 2ലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് ഗ്രൂപ്പ് 1ലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയാണ് എതിരാളികള്‍.

ആദ്യ സെമി ഫൈനലിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാകുമ്പോള്‍ രണ്ടാം സെമി മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക.

സെമി ഫൈനലിനിറങ്ങുമ്പോള്‍ ടി-20യിലെ ചരിത്ര നേട്ടവുമായി കളത്തിലിറങ്ങുന്ന ആദില്‍ റഷീദിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിടാനുണ്ടാവുക. അന്താരാഷ്ട്ര ടി-20യില്‍ 3,000 പന്തുകള്‍ അഥവാ 500 ഓവറുകള്‍ പൂര്‍ത്തിയാക്കിയ ഏക താരമെന്ന നേട്ടവുമായാണ് ആദില്‍ റഷീദ് സെമി ഫൈനലിനിറങ്ങുന്നത്.

ആദില്‍ റഷീദ്. Photo: ECB/x.com

സൂപ്പര്‍ 8ല്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലാണ് 38കാരന്‍ ഈ നേട്ടത്തിലെത്തിയത്. നിലവില്‍ അന്താരാഷ്ട്ര ടി-20യില്‍ 3,012 പന്തുകള്‍ ഈ ലെഗ് ബ്രേക്കര്‍ എറിഞ്ഞുതീര്‍ത്തിട്ടുണ്ട്..

അന്താരാഷ്ട്ര ടി-20യില്‍ ആദ്യമായി

500 പന്തുകള്‍ – ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ (2009)

1,000 പന്തുകള്‍ – ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ (2011)

1,500 പന്തുകള്‍ – ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ (2013)

2,000 പന്തുകള്‍ – ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ (2016)

2,500 പന്തുകള്‍ – ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് (2023)

3,000 പന്തുകള്‍ – ആദില്‍ റഷീദ് – ഇംഗ്ലണ്ട് (2026)*

ആദില്‍ റഷീദ്. Photo: ECB/x.com

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം പന്തെറിഞ്ഞ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതുള്ളത് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ടിം സൗത്തിയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഇതിനോടകം വിരമിച്ച സൗത്തി 2753 പന്തുകള്‍ എറിഞ്ഞിട്ടുണ്ട്.

ടിം സൗത്തി

നിലവില്‍ കളി തുടരുന്നവരില്‍ മറ്റൊരു ന്യൂസിലാന്‍ഡ് താരം ഇഷ് സോധിയാണ് പട്ടികയിലുള്ളത്. ടി-20ഐയില്‍ 500 ഓവറുകളെന്ന ഈ നേട്ടത്തിലെത്താന്‍ സോധി ഇനിയും 42 ഓവറുകള്‍ എറിയേണ്ടി വരും.

ഇഷ് സോധി

സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടി-20ഐയില്‍ ഏറ്റവുമധികം പന്തെറിഞ്ഞ ഇന്ത്യന്‍ താരം. 2,177 പന്തുകളാണ് താരം ഇതുവരെ എറിഞ്ഞത്.

ഹര്‍ദിക് പാണ്ഡ്യ

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം പന്തുകളെറിഞ്ഞ താരം

(താരം – ടീം – ഇന്നിങ്‌സ് – പന്തുകള്‍ എന്നീ ക്രമത്തില്‍)

ആദില്‍ റഷീദ് – ഇംഗ്ലണ്ട് – 137 – 3,012

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 123 – 2,753

ഇഷ് സോധി – ന്യൂസിലാന്‍ഡ് – 133 – 2,750

ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 126 – 2,745

മുസ്തഫിസുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – 125 – 2,730

മിച്ചല്‍ സാന്റ്‌നര്‍ – ന്യൂസിലാന്‍ഡ് – 128 – 2,724

ഈ ലോകകപ്പിലും മികച്ച പ്രകടനമാണ് ആദില്‍ റഷീദ് കാഴ്ചവെക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്നും 11 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനം പങ്കുവെക്കുകയാണ് ആദില്‍ റഷീദ്.

ഇന്ത്യയ്‌ക്കെതിരായ സെമിയില്‍ ആദില്‍ റഷീദ് തിളങ്ങുമെന്നും ഇംഗ്ലണ്ട് മറ്റൊരു കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുമെന്ന് തന്നെയാണ് ഇംഗ്ലീഷ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം മാത്രമല്ല, ബാര്‍മി ആര്‍മി – ഭാരത് ആര്‍മി പോരാട്ടത്തിനും വാംഖഡെ വേദിയാകും.

Content Highlight: Adil Rashid becomes the 1st bowler to complete 3,000 deliveries in T20I

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more