ന്യൂദൽഹി: ബംഗാളി സംസാരിക്കുന്ന ജനങ്ങൾക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പങ്കുവെച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളാണ് പ്രധാനമായും കോൺഗ്രസ് നേതാവ് ഉന്നയിച്ചത്. ഇത്തരം ആക്രമണങ്ങൾ തടയാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങൾ രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുമെന്നു. പശ്ചിമ ബംഗാളിൽ, പ്രത്യേകിച്ച് ബംഗ്ലാദേശുമായുള്ള അതിർത്തി പങ്കിടുന്ന ജില്ലകളിലെ ആക്രമണങ്ങൾക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആക്രമണങ്ങൾ നേരിടുന്നവർ ചെയ്യുന്ന ഒരേയൊരു കുറ്റം അവർ ബംഗാളി സംസാരിക്കുന്നു എന്നതാണെന്നും അവരെ ഭരണകൂടം പലപ്പോഴും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരായാണ് കണക്കാക്കുന്നതെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ഒരു തെറ്റും ചെയ്യാത്ത അവരെ ജയിലിലോ തടങ്കൽ കേന്ദ്രങ്ങളിലോ പാർപ്പിക്കുന്നുണ്ടെന്നും ഇത് ഗുരുതരമായ അനീതിയാണ്. പൊലീസ് ഉൾപ്പടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ അവരെ ബംഗാളി സംസാരിക്കുന്നവരെന്നും ബംഗ്ലാദേശുകാരെന്നും വേർതിരിക്കാതെയാണ് കുറ്റക്കാരായി കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബംഗാളി തൊഴിലാളികൾ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുണ്ടെങ്കിലും അവരുടെ ഭാഷയും സ്വത്വവും കാരണം അവർ ആക്രമിക്കപ്പെടുന്നുന്നെന്നും അദ്ദേഹം പറഞ്ഞു.
മോദിയുമായുള്ള സന്ദർശനം രാഷ്ട്രീയമല്ലെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. 2026 മെയിലാണ് പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമ ബംഗാളിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി അമിത് ഷാ ബി.ജെ.പിയുടെ എം.എൽ.എമാരും എം.പിമാരുമായും കൂടിക്കാഴ്ച നടത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Content Highlight: Adhir Ranjan Chowdhury has shared his concerns with Narendra Modi regarding attacks on Bengali-speaking people