| Wednesday, 10th March 2021, 12:42 pm

'അവാര്‍ഡിനായുള്ള നീണ്ട ലിസ്റ്റില്‍ പേര് കണ്ടപ്പോള്‍ ഞെട്ടിപ്പോയി'; ബാഫ്ത നോമിനേഷനില്‍ ആദര്‍ശ് ഗൗരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലോകസിനിമയിലെ പ്രധാന അവാര്‍ഡുകളിലൊന്നായ ബാഫ്തയില്‍ മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ചതില്‍ പ്രതികരണവുമായി ആദര്‍ശ് ഗൗരവ്.

റാമിന്‍ ബഹ്റാണി സംവിധാനം ചെയ്ത വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദര്‍ശിനെ നാമനിര്‍ദ്ദേശം ചെയ്തത്. ബാഫ്ത ലിസ്റ്റില്‍ പേര് കണ്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയെന്നാണ് ഗൗരവ് പറഞ്ഞത്.

‘അവാര്‍ഡിനായുള്ള നോമിനേഷനുകളുടെ നീണ്ട നിരയില്‍ എന്റെ പേര് കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ‘ബല്‍റാ’മിനെ അവതരിപ്പിക്കാന്‍ എന്നെ തെരഞ്ഞെടുത്ത വൈറ്റ് ടൈഗറിന്റെ സംവിധായകന്‍ റാമിന്‍ ബഹ്‌റാണിയോടും നന്ദി. വൈറ്റ് ടൈഗര്‍ ടീമിന് അഭിനന്ദനങ്ങള്‍. നോമിനേഷനില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’, ആദര്‍ശ് പറഞ്ഞു.

ബാഫ്തയില്‍ നോമിനേഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമാണ് റാമിന്‍ ബഹ്റാണി സംവിധാനം ചെയ്ത് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ദി വൈറ്റ് ടൈഗര്‍.

അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ റാമിന്‍ ബഹ്റാനിക്കും മികച്ച നടനുള്ള വിഭാഗത്തില്‍ ആദര്‍ശ് ഗൗരവുമാണ് നോമിനേഷന്‍ സ്വന്തമാക്കിയത്. അരവിന്ദ് അഡിഗയുടെ ഇതേ പേരിലുള്ള നോവലാണ് റാമിന്‍ സിനിമയാക്കിയത്. 2008ല്‍ ബുക്കര്‍ പ്രൈസ് നേടിയ നോവലായിരുന്നു ദി വൈറ്റ് ടൈഗര്‍.

പ്രിയങ്ക ചോപ്ര, രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ജനുവരി 13ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നിരൂപകരും പ്രേക്ഷകരും ദി വൈറ്റ് ടൈഗറിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.

അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ മൊയ്റ ബുഫിനി (ദ ഡിഗ്), ക്രിസ്റ്റഫര്‍ ഹാംപ്റ്റണ്‍, ഫ്ളോറിയന്‍ സെല്ലര്‍ (ദ ഫാദര്‍) , റോറി ഹെയ്നസ്, സൊഹറ്ബ് നോഷിര്‍വാണി, എം.ബി ട്രാവന്‍( ദി മൗറിറ്റേനിയന്‍) ക്ലോയി ഴാവോ (നൊമാഡ് ലാന്റ്) എന്നിവരോടാണ് റാമിന്‍ ബഹ്റാനി മത്സരിക്കുന്നത്. റിസ് അഹമ്മദ് (സൗണ്ട് ഓഫ് മെറ്റല്‍), ചാഡ്വിക് ബോസ്മാന്‍(മാ റെയ്നിസ് ബ്ലാക്ക് ബോട്ടം) ആന്റണി ഹോപ്കിന്‍സ് (ദ ഫാദര്‍), മാഡ്സ് മിക്കേല്‍സണ്‍(അനദര്‍ റൗണ്ട്) താഹര്‍ റഹീം(ദി മൗറിറ്റാനിയന്‍) എന്നിവരോടാണ് ആദര്‍ശ് ഗൗരവിന്റെ മത്സരം.

ചിത്രത്തിന് നോമിനേഷന്‍ നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരുന്നു. മുഴുവനും ഇന്ത്യന്‍ താരങ്ങള്‍ മാത്രം അണിനിരന്ന ഒരു ചിത്രത്തിന് രണ്ട് ബാഫ്ത നോമിനേഷന്‍ നേടാനായതില്‍ അഭിമാനമുണ്ടെന്നും ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായതിലും അഭിമാനിക്കുന്നുവെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. അര്‍ഹിക്കുന്ന അംഗീകാരമാണ് ആദര്‍ശും റാമിനും നേടിയിരിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Adharsh Gaurav On BAFTA Nomination

Latest Stories

We use cookies to give you the best possible experience. Learn more