| Monday, 24th March 2025, 10:26 pm

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഡി.ജി.പി അജിത്ത് കുമാറിന് ക്ലീന്‍ ചീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചീറ്റ്. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് എ.ഡി.ജി.പി അജിത്ത് കുമാറിന് ക്ലീന്‍ ചീറ്റ് ലഭിച്ചത്. വിജിലന്‍സിന്റെ അന്വേഷണത്തില്‍ എം.ആര്‍ അജിത്ത് കുമാര്‍ അഴിമതി നടത്തിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.

കവടിയാറിലെ അജിത്ത് കുമാറിന്റെ വീട് നിര്‍മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണം കടത്തിലെ ബന്ധം എന്നീ വിഷയങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ആദ്യം ഡി.ജി.പി ആയിരുന്നു അന്വേഷണം നടത്തിയത്. ഇത് പിന്നീട് വിജിലന്‍സിന് കൈമാറുകായായിരുന്നു.

അജിത്ത് കുമാറിന്റെ വീട് നിര്‍മാണം വായ്പ എടുത്താണ് നടത്തിയതെന്നും ഫ്‌ളാറ്റ് വില്‍പ്പന നടത്തിയതില്‍ കൃത്രിമത്വം നടത്തിയിട്ടില്ലെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്ത് സമ്പാദനം സംബന്ധിച്ച് സര്‍ക്കാറിന് വര്‍ഷാവര്‍ഷം അജിത്ത് കുമാര്‍ റിപ്പേര്‍ട്ട് നല്‍കാറുണ്ട്.

അജിത്ത് കുമാറിനെതിരായ ആരോപണങ്ങളില്‍ വിജിലന്‍സ് ആദ്യമൊരു പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിലും അജിത്ത് കുമാര്‍ നിരപരാധിയാണെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.

അതേസമയം വിജിലന്‍സില്‍ നിന്ന് ക്ലീന്‍ ചീറ്റ് ലഭിച്ചതോടെ ഡി.ജി.പി സ്ഥാനത്തേക്കുള്ള പട്ടികയില്‍ അജിത്ത് കുമാറിനുള്ള മുന്‍തൂക്കം വര്‍ധിക്കുകയാണ്. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്ന പക്ഷം ഡി.ജി.പി സ്ഥാനത്തേക്ക് അജിത്ത് കുമാറിന്റെ പേരും പരിഗണിക്കും.

മെയ് 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ ഡി.ജി.പി ഷെയ്ഖ് ദര്‍വേസ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് നിലവില്‍ ആറ് പേരുകളാണ് പരിഗണനയില്‍ ഉള്ളത്. അതില്‍ ആറാമനാണ് എ.ഡി.ജി.പി. അജിത്ത് കുമാര്‍.

Content Highlight: ADGP Ajith Kumar gets clean chit in disproportionate assets case

We use cookies to give you the best possible experience. Learn more