വാഷിങ്ടണ്‍: ഉക്രൈനെതിരായ റഷ്യയുടെ ആക്രമണം നിര്‍ത്തുന്നതിന് ഭാഗമായിട്ടാണ് ഇന്ത്യക്ക് മേലുള്ള അധിക തീരുവയെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്.
യുദ്ധം നിര്‍ത്തുന്നതിന് റഷ്യയെ നിര്‍ബന്ധിക്കുന്നതിന് വേണ്ടിയുള്ള ട്രംപിന്റെ നീക്കമായിരുന്നു ഇന്ത്യക്ക് മേലുള്ള 25 ശതമാനം അധിക തീരുവയെന്നും നടപടിയിലൂടെ ആക്രമണാത്മക സാമ്പത്തിക സ്വാധീനമാണ് (aggressive economic leverage) ട്രംപ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ ട്രംപ് ആക്രമണാത്മക സാമ്പത്തിക സ്വാധീനം ചെലുത്തി. ഉദാഹരണത്തിന്, റഷ്യ അസംസ്‌കൃത എണ്ണ വിറ്റ് സമ്പന്നരാകുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇന്ത്യയ്ക്കുമേലുള്ള ദ്വിതീയ താരിഫുകള്‍ ഏര്‍പ്പെടുത്തി.’ എന്‍.ബി.സി ന്യൂസിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ ജെ.ഡി വാന്‍സ് പറഞ്ഞു.
എന്നാലിത് എണ്ണ പ്രശ്‌നമെന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നും റഷ്യന്‍ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമായ ചൈനയെ വിമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വെടിനിര്‍ത്തലില്‍ തീരുമാനം ആയിട്ടില്ലെങ്കിലും റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു.എസിന് കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈനെതിരെ ആക്രമണം തുടര്‍ന്നാല്‍ അവരെ ഒറ്റപ്പെടുത്തേണ്ടി വരുമെന്നും റഷ്യക്ക് ലോക സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ആദ്യം 25 ശതമാനം തീരുവ ചുമത്തിയിരുന്നു. എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍ താരിഫ് വര്‍ധിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇരട്ട താരിഫ് എന്ന രീതിയില്‍ 25 ശതമാനം അധിക തീരുവ ചുമത്തുകയും ചെയ്തിരുന്നു.
റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ദ്വിതീയ ഉപരോധങ്ങളും ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നവരില്‍ ഏറ്റവും മുന്‍നിരയിലുള്ള രണ്ട് രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ താരിഫ് വിഷയത്തില്‍ ട്രംപ് നിലപാട് മയപ്പെടുത്തിയിരുന്നു. റഷ്യയ്ക്കും അവരുടെ വ്യാപാര പങ്കാളികള്‍ക്കുമെതിരെ ചുമത്തിയ താരിഫ് ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
Content Highlight: Additional tariffs on India to end Russia-Ukraine war: U. S. Vice President