| Tuesday, 12th August 2025, 12:25 pm

അധിക തീരുവ റഷ്യക്കേറ്റ തിരിച്ചടി; ഒന്നും അവസാനിച്ചിട്ടില്ലെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യക്ക് മേല്‍ അമേരിക്ക ചുമത്തിയ അധിക തീരുവ റഷ്യയുടെ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നും ട്രംപ് പറഞ്ഞു.

‘റഷ്യ ഒരു വലിയ രാജ്യമാണ്. അവരുടെ രാജ്യം പുനര്‍നിര്‍മിക്കണം. മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുന്ന രാജ്യമാണ് റഷ്യ. ഇപ്പോള്‍ റഷ്യന്‍ സമ്പദ്‌ വ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ അവര്‍ അസ്വസ്ഥരാണ്,’ ട്രംപ് പറഞ്ഞു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ 50 ശതമാനം തീരുവ ചുമത്തുമെന്ന് താൻ അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയോട് പറഞ്ഞപ്പോള്‍ അത് റഷ്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്നതിനുള്ള തീരുമാനം 90 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചിരുന്നു.

ഉടമ്പടി നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നത് മൂന്ന് മാസം കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്.

നിലവില്‍ ചൈനയുടെ മേലുള്ള താരിഫ് 30 ശതമാനമാണ്. ചൈനീസ് ഇറക്കുമതികള്‍ക്കുള്ള യു.എസ് തീരുവ 145 ശതമാനമായി ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് നീട്ടിവെച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയയായിരുന്നു ട്രംപ് ഇന്ത്യന്‍ ഇറക്കുമതിക്ക് അധിക തീരുവ ചുമത്തിയത്. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറാത്ത സാഹചര്യത്തിലായിരുന്നു അമേരിക്കയുടെ തീരുമാനം. നിലവില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫാണ് ചുമത്തിയിരുന്നത്. ഇതിനെപുറമേയാണ് 25 ശതമാനം കൂടി അധിക തീരുവ ചുമത്തിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്.

ഇന്ത്യക്ക് മേലുള്ള 25 ശതമാനം താരിഫ് ഓഗസ്റ്റ് ഒമ്പതിന് പ്രാബല്യത്തില്‍ വരാനിരിക്കെയായിരുന്നു ട്രംപ് അധിക തീരുവ ഏര്‍പ്പെടുത്തിയത്.പുതിയ താരിഫ് മൂന്ന് ആഴ്ചക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

അധിക തീരുവ ചുമത്തിയ യു.എസിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. തീരുമാനം പക്ഷപാതപരവും നീതീകരിക്കാനാകാത്തതെന്നും ഇന്ത്യ പറഞ്ഞു. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.

Content Highlight: Additional tariffs hit Russia; Trump says nothing is over

We use cookies to give you the best possible experience. Learn more