| Friday, 21st November 2025, 9:37 am

'ഞാനുമൊരു സോജപ്പന്‍ ഫാന്‍'; ട്രോളുകളില്‍ പ്രതികരിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് സംവിധാനം ചെയ്ത സിനിമയാണ് കലണ്ടര്‍. ചിത്രത്തില്‍ സോജപ്പന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തിയിരുന്നത്. 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ സോജപ്പന്‍ എന്ന കഥാപാത്രത്തിനും പൃഥ്വരാജിന്റെ പ്രകടനത്തിനും വലിയ രീതിയിലുള്ള ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.

ചിത്രത്തിലെ ‘പച്ചവെള്ളം  തച്ചിന് സോജപ്പന്‍’ എന്ന ഗാനം 4k വേര്‍ഷനായി യൂട്യൂബിലെത്തിയതോടെ ഈ കഥാപാത്രം വീണ്ടും ട്രോളുകളില്‍ നിറഞ്ഞിരുന്നു. ഓലിക്കര സോജപ്പന്‍ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പും പൃഥ്വിയുടെ ചിരിക്കുന്ന മീമും ഇന്നും പല പേജുകളും അടക്കിഭരിക്കുന്ന മുതലാണ്.

ഇപ്പോള്‍ വിലായത്ത് ബുദ്ധയുടെ പ്രൊമോഷനുമായി ക്യൂ സ്റ്റുഡിയോ നടത്തിയ ഇന്‍സ്റ്റാഗ്രാം ലൈവില്‍ ഈ ട്രോളുകളില്‍ പ്രതികരിക്കുകയാണ് പൃഥ്വിരാജ്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സോജപ്പന്‍ ഫാന്‍സാണ് മുഴുവന്‍ എന്ന ചോദ്യത്തിന് താനും സോജപ്പന്‍ ഫാനാണെന്നായിരുന്നു പൃഥ്വരാജിന്റെ മറുപടി. താനും സോജപ്പന്‍ ഫാനാണെന്നും ആ ഫാന്‍സ് അസോസിയേഷനിലേക്ക് തന്നെയും ചേര്‍ക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ തമാശരൂപേണയുള്ള മറുപടി.

റീ മാസ്റ്റര്‍ ചെയ്ത മീമുകളാണ് പല ട്രോളുകളിലും ഉണ്ടായിരുന്നത്. പുതിയ വേര്‍ഷന് താഴെ സോജപ്പന്‍ ഫാന്‍സിന്റെ വക രസകരമായ കമന്റുകളുമുണ്ടായിരുന്നു. ഇന്നും പൃഥ്വിയുടെ കരിയറില്‍ ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെടുന്ന കഥാപാത്രമാണ് സോജപ്പന്‍.

ബാബു ജനാര്‍ദ്ദനന്‍ കഥ തിരക്കഥ സംഭാഷണം രചിച്ച സിനിമയില്‍ പൃഥ്വിരാജിന് പുറമെ നവ്യ നായര്‍, സറീനാ വഹാബ്, മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പില്ല രാജു തുടങ്ങിയവരും അഭിനയിച്ചിരുന്നു.

അതേസമയം പൃഥ്വരിരാജ് നായകനായെത്തുന്ന വിലായത്ത് ബുദ്ധ ഇന്ന് (വെള്ളി)തിയേറ്ററുകളിലെത്തി. ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജയന്‍ നമ്പ്യാരാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Content highlight: Add me to that fans association; Prithviraj responds to Sojappan trolls

We use cookies to give you the best possible experience. Learn more