ന്യൂദല്‍ഹി: ഐഷെ ഘോഷിന്റെ ഫോണ്‍ ചോര്‍ത്താന്‍ ദല്‍ഹി പൊലീസ് ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതായി എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ ആദര്‍ശ് എം. സജി. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ പൊലീസ് നടപടികളെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ആദര്‍ശ് ഈ കാര്യം പറഞ്ഞത്.
‘ഐഷേ ഘോഷിന്റെ കാര്യത്തില്‍ പൊലീസ് അവരെ പിന്തുടരുകയായിരുന്നു. ദല്‍ഹി പൊലീസ് ഐഷേയുട ഫോണ്‍ ചോര്‍ത്തുന്നതായി തങ്ങള്‍ സംശയിക്കുന്നു,’ ആദര്‍ശ് പറഞ്ഞു.
‘യൂണിഫോം ധരിക്കാതെയും നിയമപരമായ നടപടികള്‍ പാലിക്കാതെയും പൊലീസ് എത്തി ഐഷിയെ പിന്തുടര്‍ന്നു. അവര്‍ക്ക് അയച്ചിരുന്നില്ല. ഒരു നോട്ടീസും നല്‍കാതെ പെട്ടെന്ന് എത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
2021-ലെ ഒരു കേസ് ഇപ്പോള്‍ വീണ്ടും എടുത്തുകൊണ്ടുവന്ന് വിദ്യാര്‍ത്ഥി നേതാക്കളെ ലക്ഷ്യമിടാനുള്ള ശ്രമമാണ് നടക്കുന്നത്. സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരെ പഴയ കേസുകള്‍ ഉപയോഗിച്ച് വേട്ടയാടുകയാണ്,’ ആദര്‍ശ് പറഞ്ഞു.
ദല്‍ഹിയില്‍ ഐഷെ ഘോഷ് സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. ജന്തര്‍ മന്ദറിലെ പ്രതിഷേധത്തിനും അവര്‍ നേതൃത്വം നല്‍കി. നീറ്റ് അഴിമതി വിഷയത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അവര്‍ വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തിരുന്നുവെന്നും ആദര്‍ശ് പറഞ്ഞു.
ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും ആദര്‍ശ് ആവശ്യപ്പെട്ടു.
‘പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുകയാണ് കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകളും. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആയിരക്കണക്കിന് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു.
ഈ കേസുകളെല്ലാം എത്രയും വേഗം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരും,’ ആദര്‍ശ് പറഞ്ഞു.
ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അതിക്രമങ്ങളും പൊലീസ് മര്‍ദനവും നമ്മള്‍ കണ്ടതാണ്. അസമിലും സമാനമായ സംഭവങ്ങള്‍ നടന്നു.സര്‍ക്കാര്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പ്രതികാരനടപടികള്‍ ആരംഭിച്ചിരിക്കുകയാണെന്നും ആദര്‍ശ് ചൂണ്ടിക്കാട്ടി.
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നേതാക്കളെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നീങ്ങുകയാണെന്ന് ആദര്‍ശ് പറഞ്ഞു. ആര്‍.എസ്.എസ്.-ന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ എങ്ങനെ വാര്‍ത്തകള്‍ എഴുതുന്നുവെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ട്. എസ്.എഫ്.ഐയെയും മറ്റ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളെയും സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളെയും അവര്‍ പ്രത്യേകമായി ലക്ഷ്യമിടുന്നുവെന്നും ആദര്‍ശ് പറഞ്ഞു.
പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അവര്‍ ‘എലികള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ അവരെ ‘ചൈനീസ് ഏജന്റുമാര്‍’ എന്നും വിളിക്കുന്നു. രാജിവെക്കുന്നതിന് മുമ്പ് ധര്‍മേന്ദ്ര പ്രധാന്‍ തന്നെ ‘തീവ്രവാദികളുടെ ബി-ടീം’ എന്നാണ് പതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിശേഷിപ്പിച്ചത്. ഇതായിരുന്നു സര്‍ക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് കേന്ദ്ര മന്ത്രി വരെ സമ്മതിച്ചെന്നും ആദര്‍ശ് പറഞ്ഞു.
‘ഇന്ന് പാര്‍ലമെന്റില്‍ ജോണ്‍ ബ്രിട്ടാസ്, കെ. രാധാകൃഷ്ണന്‍, ഡോ. വി. ശിവദാസന്‍ എന്നിവരുള്‍പ്പെടെ നിരവധി എംപിമാര്‍ ഈ വിഷയം ഉന്നയിച്ചു. അതിന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ നല്‍കിയ മറുപടി ഞങ്ങള്‍ കേട്ടു.
അടിയന്തരാവസ്ഥ കാലത്ത് താനും അറസ്റ്റിലായിരുന്നുവെന്നാണ് നദ്ദ മറുപടി നല്‍കിയത്. അങ്ങനെ പറഞ്ഞതിലൂടെ രാജ്യത്ത് അടിയന്തരാവസ്ഥ പോലൊരു സാഹചര്യമാണെന്ന് നദ്ദ തന്നെ സമ്മതിക്കുകയാണ്,’ ആദര്‍ശ് പറഞ്ഞു.
രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയാണെന്നാണ് കഴിഞ്ഞ 12 വര്‍ഷമായി ഞങ്ങള്‍ പറയുന്നത്. ഇപ്പോള്‍ കേന്ദ്രമന്ത്രി ജെ.പി. നദ്ദ തന്നെ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് സമ്മതിച്ചുവെന്നും ആദര്‍ശ് പറഞ്ഞു.
Content Highlight: Adarsh M Saji Press Conference on Delhi Police’s Move to Arrest Aishe Ghosh