| Monday, 22nd December 2025, 6:34 am

സ്തുതിപാടകര്‍ തിരിഞ്ഞുകൊത്തുന്നു; കേന്ദ്രത്തിനെതിരായ അര്‍ണബിന്റെ ഒളിയമ്പുകള്‍ ചൂണ്ടിക്കാട്ടി ആദര്‍ശ് എച്ച്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഴിമതികളില്‍ ‘ഗോഡി മീഡിയ’ അടക്കം വിമര്‍ശനം തുടങ്ങിയതായി കെ.പി.സി.സി പബ്ലിക് പോളിസി ആന്‍ഡ് റീസേര്‍ച്ച് യൂത്ത് കണ്‍വീനര്‍ ആദര്‍ശ് എച്ച്.എസ്.

കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ സ്തുതിപാടകനായിരുന്ന റിപ്പബ്ലിക്ക് ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പോലും ഇപ്പോള്‍ ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല ഇന്ത്യയിലെ ഏറ്റവും കൗതുകകരമായ കാഴ്ചയെന്ന് ആദര്‍ശ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് ആദര്‍ശിന്റെ പ്രതികരണം.

ആരവല്ലി മലനിരകളെ ഖനനത്തിനായി കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ, ‘നമ്മള്‍ വിക്‌സിത് ഭാരത് അല്ല, പാരിസ്ഥിതികമായി തകര്‍ന്ന ഭാരതമായി മാറും’ എന്നാണ് അര്‍ണബ് ഗോസ്വാമി തുറന്നടിച്ചത്.

സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെ മറയാക്കി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണെന്നും ശതകോടീശ്വരന്മാര്‍ക്ക് ലാഭമുണ്ടാക്കാന്‍ 200 കോടി വര്‍ഷം പഴക്കമുള്ള മലനിരകള്‍ തകര്‍ക്കുന്നത് ജനാധിപത്യമല്ലെന്നും അര്‍ണബ് ചൂണ്ടിക്കാട്ടിയതായി ആദര്‍ശ് പറയുന്നു.

മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ മകന്റെ വിവാഹത്തിന് കോടികളുടെ ധൂര്‍ത്ത് നടത്തിയപ്പോള്‍, അതേ സംസ്ഥാനത്ത് ഗര്‍ഭിണികള്‍ ചികിത്സ കിട്ടാതെ മരിക്കുന്നതും കുട്ടികള്‍ക്ക് ചികിത്സാപിഴവിലൂടെ എച്ച്.ഐ.വി ബാധിക്കുന്നതും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കളുടെ ധാര്‍ഷ്ട്യത്തെയും അര്‍ണബ് വിമര്‍ശിക്കുന്നുണ്ട്.

ഇന്‍ഡിഗോ പ്രശ്‌നത്തില്‍ ‘മോദി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?’ എന്നും അര്‍ണബ് ഗോസ്വാമി ചോദ്യമുയര്‍ത്തി. ‘വിഷയാധിഷ്ഠിതമായി നോക്കുമ്പോള്‍ ജനങ്ങളാണ് യഥാര്‍ത്ഥ പ്രതിപക്ഷം’ എന്ന അര്‍ണബിന്റെ വാക്കുകള്‍ ഭരണകൂടത്തിനുള്ള വലിയൊരു മുന്നറിയിപ്പാണെന്നും ആദര്‍ശ് പറഞ്ഞു.

സ്തുതിപാടകര്‍ക്ക് പോലും ന്യായീകരിക്കാന്‍ കഴിയാത്ത വിധം അഴിമതിയും ജനവിരുദ്ധതയും സര്‍ക്കാരിനെ ബാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്. ഭരണകൂടത്തിന്റെ വീഴ്ചകള്‍ അത്രമേല്‍ പ്രകടമായതുകൊണ്ടാകാം, സര്‍ക്കാരിന്റെ ഏറ്റവും വലിയ ശബ്ദമായിരുന്നവര്‍ പോലും ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നതെന്നും ആദര്‍ശ് ചൂണ്ടിക്കാട്ടി.

അര്‍ണബ് ഗോസ്വാമി വരെ സര്‍ക്കാരിനെതിരെ സംസാരിച്ച് തുടങ്ങിയെങ്കില്‍, രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് സാമാന്യബോധമുള്ളവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്നും ആദര്‍ശ് പറയുന്നു.

Content Highlight: Adarsh ​​HS says ‘Godi Media’ has started criticizing the central government’s corruption

We use cookies to give you the best possible experience. Learn more